യു.കെ.വാര്‍ത്തകള്‍

നഴ്സുമാര്‍ക്കു യുകെയിലേക്ക് പോകാന്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് ഗാര്‍ഡിയന്‍ വാര്‍ത്ത

ലണ്ടന്‍: ചൂഷണങ്ങള്‍ക്ക് ഇരയാകാതെ, വിദേശങ്ങളില്‍ ജോലിക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെ പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന ഇക്കാലത്ത്, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള കേരള സര്‍ക്കാരിന്റെ കൊച്ചിയില്‍ നടത്തിയ പരിശീലന ക്യാമ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഏറ്റവും ഉചിതമായ ഒരു സമയത്താണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചത് എന്നാണ് ഗാര്‍ഡിയന്‍ പത്രം എഴുതിയിരിക്കുന്നത്.

104 അനധികൃത കുടിയേറ്റക്കാരുമായി ആദ്യ അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയ ഫെബ്രുവരി അഞ്ചിന് ആയിരുന്നു ഇത്തരമൊരു പരിശീലന കളരി സംഘടിപ്പിച്ചത് എന്നത് തികച്ചും യാദൃശ്ചികമാകാം. പിന്നീട് ഫെബ്രുവരി 16നും 17നും മറ്റ് രണ്ട് വിമാനങ്ങളും കൂടി അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലെത്തി. ആരോഗ്യ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കി പാശ്ചാത്യ രാജ്യങ്ങളിലേക്കും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ പരിശീലന കളരി സംഘടിപ്പിച്ചത്.

വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, പലരെയും തട്ടിപ്പുകാരായ ഏജന്‍സികള്‍ വളഞ്ഞ വഴിയിലൂടെ പോകാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു നല്ല വിദേശ റിക്രൂട്ടിംഗ് ഏജന്റ് ഏത്, തട്ടിപ്പുകാര്‍ ആര് എന്ന് തിരിച്ചറിയുക എന്നതാണ് ഇവിടെ പ്രധാനം. ഇതില്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു പരിശീലന കളരി സംഘടിപ്പിച്ചത്. ഒരു യഥാര്‍ത്ഥ റിക്രൂട്ടിംഗ് കമ്പനിക്ക് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് ഉണ്ടായിരിക്കുമെന്ന് ക്യാമ്പില്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കി. മാത്രമല്ല, ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യവുമാണ്.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സുരക്ഷിതമായ കുടിയേറ്റത്തിനുള്ള പരിശീലനം നല്‍കുന്നതിനെയും ഗാര്‍ഡിയന്‍ പ്രശംസിക്കുന്നുണ്ട്. ഇപ്പോള്‍ ഈ പരിശീലനത്തിന്‍- കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തുകയാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ പ്രതിവര്‍ഷം 1000 ല്‍ താഴെ ആളുകള്‍ മാത്രമാണ് പരിശീലനം തേടി എത്തിയിരുന്നതെങ്കില്‍ 2024 ല്‍ 2,250 പേരായിരുന്നു പരിശീലനത്തിന് എത്തിയത്. ലോകത്തിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റവുമധികം ആരോഗ്യ പ്രവര്‍ത്തകരെ വിദേശത്തേക്ക് അയയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

1996ല്‍ രൂപീകരിക്കപ്പെട്ട നോര്‍ക്ക സമീപകാലത്താണ് കുടിയേറ്റ വിഷയങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഓരോ ഇടങ്ങളിലും മലയാളി കൂട്ടായ്മകളിലൂടെ പ്രവാസി മലയാളികള്‍ക്ക് വിവിധ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും നോര്‍ക്ക് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്ന ഇന്ത്യയിലെ ആദ്യ ഏജന്‍സിയായി 2021 ല്‍ നോര്‍ക്ക മാറി. അതുവഴി ഇതുവരെ ഏകദേശം 1400 ഓളം മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions