എന്‍എച്ച്എസിനെ പരിഷ്‌കരിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയില്‍ അപകടാവസ്ഥയിലാകുന്നത് പ്രതീക്ഷിച്ചതിലേറെ തൊഴിലുകള്‍. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ നിര്‍ത്തലാക്കുമ്പോള്‍ 10,000 ജോലിക്കാര്‍ പിരിച്ചുവിടല്‍ നേരിടുമെന്നായിരുന്നു മുന്‍പ് വന്ന കണക്ക്. എന്നാല്‍ യഥാര്‍ത്ഥ തോത് ഇതിലേറെയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും വലിയ അധികാര വൃന്ദത്തെ ഒഴിവാക്കാനുള്ള ഗവണ്‍മെന്റ് നടപടിയുടെ യഥാര്‍ത്ഥ തൊഴില്‍ നഷ്ടം 20,000 മുതല്‍ 30,000 വരെ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന്റെ 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജോലിക്കാരും ഇതില്‍ പെടും.
പ്രാദേശിക ഹെല്‍ത്ത് സര്‍വ്വീസ് സംഘങ്ങളായ ഐസിബികളില്‍ 25,000 പേരാണ് ജോലി ചെയ്യുന്ന്. ഐസിബികള്‍ അവരുടെ ചെലവുകള്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 50 ശതമാനം കുറയ്ക്കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി അടുത്ത മാസം സ്ഥാനമേല്‍ക്കുന് ജിം മാക്കിയുടെ നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശം പാലിക്കാന്‍ ജീവനക്കാരില്‍ പകുതി പേരെയെങ്കിലും ഐസിബികള്‍ക്ക് ഒഴിവാക്കേണ്ടി വരുമെന്ന് മുതിര്‍ന്ന എന്‍എച്ച്എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതിന് പുറമെ ഇംഗ്ലണ്ടില്‍ ചികിത്സകള്‍ നല്‍കുന്ന 220 എന്‍എച്ച്എസ് ട്രസ്റ്റുകളോട് എച്ച്ആര്‍, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ കുറച്ച് ആളുകളെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ മുന്‍ ടോറി മന്ത്രി റോബര്‍ട്ട് ജെന്റിക്കും പിന്തുണച്ചു. ഇത് തങ്ങള്‍ ചെയ്യേണ്ടതായിരുന്നുവെന്ന് ജെന്റിക്ക് സ്‌കൈ ന്യൂസിനോട് പറഞ്ഞു.
ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഈ നടപടിയിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകള്‍ കുറയ്ക്കാനും കൂടുതല്‍ പണം രോഗികള്‍ക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എന്‍എച്ച്എസ് ഇംഗ്ലണ്ടിനും ഗവണ്‍മെന്റ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങള്‍ പൊതുവായി ചെയ്യുന്ന വിഭാഗങ്ങള്‍ ഉണ്ട് .