ദയാവധം നടപ്പാക്കുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ച് യുകെ ഡോക്ടര്‍മാര്‍. 20 വര്‍ഷമായി നിയമത്തെ എതിര്‍ത്ത ജിപിമാര്‍ ആണ് നിലപാട് തിരുത്തിയത്. ഇതോടെ ബില്‍ നിയമമാകാന്‍ സാധ്യതയേറി. ദയാവധം നിയമപരമായ അവകാശമാക്കി മാറ്റാനുള്ള വിവാദമായ വിഷയത്തില്‍ ന്യൂട്രല്‍ നിലപാടിലേക്കാണ് ജിപിമാര്‍ മാറിയിരിക്കുന്നത്. 2005 മുതല്‍ ദയാവധത്തെ എതിര്‍ക്കുന്ന നിലപാടാണ് മുന്‍പ് റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് നടത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ദയാവധം നിയമപരമാക്കാനുള്ള നിയമത്തെ അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യേണ്ടതില്ലെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഇപ്പോള്‍ 23 എംപിമാരുടെ കമ്മിറ്റി ഇറകീഴി പരിശോധന നടത്തിവരികയാണ്. ഏപ്രില്‍ അവസാനത്തോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ കോമണ്‍സില്‍ എത്തും.
തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 47.6 ശതമാനം വോട്ടര്‍മാര്‍ ദയാവധം നിയമപരമാക്കുന്നതിനെ എതിര്‍ക്കാന്‍ വോട്ട് ചെയ്തു. 33.7 ശതമാനം പേര്‍ അനുകൂലിക്കണമെന്നും, 13.6 ശതമാനം എതിര്‍ക്കുകയോ, അനുകൂലിക്കുകയോ ചെയ്യേണ്ടതില്ലെന്നും നിലപാടെടുത്തു. 5.1% ശതമാനം പേര്‍ തീരുമാനത്തില്‍ എത്തിയില്ല. സര്‍വ്വെ ഫലങ്ങള്‍ പ്രകാരം നടത്തിയ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് 'ന്യൂട്രല്‍' നിലപാട് സ്വീകരിക്കാന്‍ ആര്‍സിജിപി തീരുമാനിച്ചത്.
അതേസമയം ബില്‍ നിയമമാകാന്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. കോമണ്‍സ് കമ്മിറ്റി പരിശോധനയ്ക്ക് ശേഷം ഇത് സഭയില്‍ വീണ്ടും വോട്ടിനിടും. ബില്‍ നിയമമായാല്‍ ഗുരുതര രോഗം ബാധിച്ച മുതിര്‍ന്നവര്‍ക്ക് ഇംഗ്ലണ്ടിലും, വെയില്‍സിലും ജീവിതം അവസാനിപ്പിക്കാനുള്ള അവസരം ലഭിക്കും.