മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും
സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും. സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കോഴിക്കോട് സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശികളാണഅ എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.
സ്റ്റിര്‍ലിങിനും അലോവയ്ക്കുമിടയിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി അന്വേഷണ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.
എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യയെന്ന് പ്രാഥമിക സൂചന. എന്നാല്‍ എബല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് സഹപാഠികളും കുടുംബവും പറയുന്നു. നാട്ടിലുള്ള അമ്മയേയും സഹോദരനേയും എബലിന്റെ സുഹൃത്തുക്കളേയും പൊലീസ് ബന്ധപ്പെട്ടു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാര്‍ത്ഥിയായിരുന്ന എബല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എബലിന്റെ മരണത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.