ബ്രിട്ടനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടുന്നതും വില്‍പ്പനയ്ക്ക് വെയ്ക്കുന്നതും . ആരാധനകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളില്ലാതെ വരുന്നതുമൊക്കെ സമീപകാലത്തു വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയുള്ള ആശങ്കകള്‍ക്കിടെ ആശ്വാസമായി ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ബൈബിള്‍ വില്‍പ്പന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ കുതിച്ചുചാട്ടമാണ് ഏവരെയും അതിശയിപ്പിക്കുന്നത്.
ജനറേഷന്‍ Z-ല്‍ പെട്ട ആളുകള്‍ ആത്മീയതയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 മുതല്‍ 2024 വരെ വര്‍ഷങ്ങളില്‍ ബൈബിള്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 2.6 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 5 മില്ല്യണ്‍ പൗണ്ടിലേറെയായാണ് ഉയര്‍ന്നത്. 1997 മുതല്‍ 2012 വരെ ജനിച്ച ആളുകളാണ് ഈ വര്‍ദ്ധനവിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
'ക്രിസ്തീയതയെ കൈവിട്ട അറുപതുകളിലെ ബേബി ബൂമര്‍മാര്‍ക്ക് ശേഷം ജനറേഷന്‍ Z ഈ കുറവ് പരിഹരിക്കുകയാണ്', റോച്ചസ്റ്ററിലെ മുന്‍ ആംഗ്ലിക്കന്‍ ബിഷപ്പ് ഡോ. മൈക്കിള്‍ നാസിര്‍ അലി പറഞ്ഞു. ഇവര്‍ ആത്മീയതിലേക്ക് മനസ്സ് തുറന്നിരിക്കുന്നു, യേശുക്രിസ്തുവിനെ സ്വീകരിക്കാനും അവര്‍ തയ്യാറാണ്. നിരവധി യുവാക്കളാണ് ഇപ്പോള്‍ ബാപ്റ്റിസം സ്വീകരിക്കാന്‍ വരുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ പബ്ലിഷന്‍ എസ്പിസികെയാണ് ബൈബിള്‍ വില്‍പ്പന വര്‍ദ്ധിച്ചതായി വിവരം പുറത്തുവിട്ടത്. ജനറേഷന്‍ Z-ല്‍ പെട്ടവര്‍ തങ്ങളുടെ മാതാപിതാക്കളെ അപേക്ഷിച്ച് മതവിശ്വാസമില്ലാത്തവരായി സ്വയം തിരിച്ചറിയുന്നകില്‍ കുറവ് വന്നിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സാം റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. 1965 മുതല്‍ 1980 വരെ കാലത്ത് ജനിച്ച ജനറേഷന്‍ X-ല്‍ പെട്ട 25 ശതമാനം സ്വയം വിശ്വാസമില്ലാത്തവരെന്ന് തിരിച്ചറിയുമ്പോള്‍, 1981 മുതല്‍ 96 വരെ ജനിച്ചവരില്‍ 20 ശതമാനവും, ജനറേഷന്‍ Z-ല്‍ 13 ശതമാനവുമാണ് ഈ നിലപാടുള്ളവര്‍.