12 വര്‍ഷമായി യുകെയിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം
ഒരു വ്യാഴവട്ടം മുമ്പ് യുകെയിലെത്തിയ ഇന്ത്യന്‍ വംശജയായ ചരിത്ര ഗവേഷകയോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഓക്സ്ഫോര്‍ഡിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത ആണ് കടുത്ത നടപടി നേരിട്ടിരിക്കുന്നത്. നിലവില്‍ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. മണികര്‍ണിക ദത്ത 12 വര്‍ഷം മുമ്പാണ് യുകെയില്‍ എത്തിയത്. എന്നാല്‍ അവരുടെ ഭര്‍ത്താവും ഗ്ലാസ്ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ഭര്‍ത്താവ് ഡോ. സൗവിക് നഹയ്ക്ക് വിസ അനുവദിക്കുകയും ചെയ്തു.
നിലവില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത തന്റെ പഠനത്തിന്റെ ഭാഗമായി ആണ് ഇന്ത്യയില്‍ തങ്ങിയത്. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കുറിച്ചാണ് അവര്‍ ഗവേഷണം നടത്തുന്നത്. എന്നാല്‍ അനുവദനീയമായ പരുധിക്ക് അപ്പുറം അവര്‍ യുകെയില്‍ നിന്ന് വിട്ടു നിന്നു എന്നാണ് ഹോം ഓഫീസ് വിസ നിരസിച്ചു കൊണ്ട് അറിയിച്ചത്.
അനിശ്ചിത കാല അവധിക്കുള്ള (IL R) അപേക്ഷയില്‍ പത്ത് വര്‍ഷ കാലയളവില്‍ 548 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കരുതെന്ന ചട്ടം അവര്‍ ലംഘിച്ചതായി ഹോം ഓഫീസ് ചൂണ്ടി കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അവര്‍ 691 ദിവസം യുകെയില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇത് തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എന്ന് ഡോ. മണികര്‍ണിക ദത്ത ചൂണ്ടി കാട്ടി.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പോലെ പ്രശസ്തമായ കലാലയത്തില്‍ ഗവേഷണം നടത്തുന്ന വ്യക്തിയായ തന്റെ കക്ഷിയുടെ ഈ യാത്രകള്‍ അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് ഡോ. മണികര്‍ണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ പറഞ്ഞു. അവര്‍ ഈ യാത്രകള്‍ നടത്തിയിരുന്നില്ലെങ്കില്‍, അവര്‍ക്ക് അവരുടെ തീസിസ് പൂര്‍ത്തിയാക്കാനോ, സ്ഥാപനങ്ങളുടെ അക്കാദമിക് ആവശ്യകതകള്‍ നിറവേറ്റാനോ, വിസ സ്റ്റാറ്റസ് നിലനിര്‍ത്താനോ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.
അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഡോ. മണികര്‍ണിക ദത്ത റിന്യൂവിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിങ്ങള്‍ ഉടന്‍ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് 10 വര്‍ഷത്തേയ്ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും അത് കൂടാതെ മറ്റ് നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് ഹോം ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഇംപീരിയല്‍, പോസ്റ്റ്-കൊളോണിയല്‍ ചരിത്രത്തിലെ സീനിയര്‍ ലക്ചററും ഭര്‍ത്താവുമായ ഡോ. സൗവിക് നഹയോടൊപ്പം ആണ് അവര്‍ വെല്ലിംഗില്‍ താമസിക്കുന്നത് . ഞാന്‍ രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയില്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് അവര്‍ പ്രതികരിച്ചു. താന്‍ യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നുവെന്നും 12 വര്‍ഷമായി ഇവിടെ താമസിക്കുന്ന ആളാണെന്നും ബിരുദാനന്തര ബിരുദം നേടാന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത് എന്നും അവര്‍ പറഞ്ഞു. ഇതുപോലൊന്ന് എനിക്ക് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹോം ഓഫീസിന്റെ നടപടിയെ കുറിച്ച് അവര്‍ പറഞ്ഞു.
വ്യക്തിഗത കേസുകളില്‍ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും നടപടി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും ആണ് ഹോം ഓഫീസ് ഡോ. മണികര്‍ണിക ദത്തയുടെ പ്രശ്നങ്ങളില്‍ പൊതുവായി പ്രതികരിച്ചത്.