കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന്റെ ചൂടറിയാന്‍ സമയമായി. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തുമെന്നാണ് വിവരം. ഗവണ്‍മെന്റ് എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതത്തിനു പുറമെയാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ നിലനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം.
ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്.
ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍ അതോറിറ്റികളില്‍ പത്തില്‍ ഒന്‍പതും ഏപ്രില്‍ മാസത്തില്‍ 4.99% വര്‍ദ്ധന നടപ്പാക്കും. പ്രാദേശിക ഹിതപരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നികുതിയാണിത്. 4.5 ശതമാനവും, അതില്‍ കൂടുതലും നികുതി ഉയര്‍ത്തുന്ന കൗണ്‍സിലുകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 94 ശതമാനം വരുമെന്നാണ് കണ്ടെത്തല്‍.
ഒരു ദശകത്തോളമായി നേരിടുന്ന ഫണ്ട് കട്ടിംഗ് മൂലം ഈ വര്‍ദ്ധനവുകള്‍ അനിവാര്യമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. പണത്തിന്റെ ലഭ്യത ഗുരുതരമായ തോതില്‍ താഴ്ന്നതോടെ പാപ്പരാകുന്നത് ഒവിവാക്കാന്‍ ഈ നടപടി കൂടിയേ തീരുവെന്നാണ് ഇവരുടെ നിലപാട്. ബര്‍മിംഗ്ഹാം പോലെയുള്ള ചില കൗണ്‍സിലുകള്‍ തെറ്റായ നിക്ഷേപങ്ങള്‍ നടത്തിയതാണ് പാപ്പരായത്. ആറ് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് 10% വരെ നികുതി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ലേബര്‍ ഭരിക്കുന്ന ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ന്യൂഹാം, ട്രാഫോര്‍ഡ് കൗണ്‍സിലുകളും, ലിബറല്‍ ഡെമോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, സോമര്‍സെറ്റ് കൗണ്‍സിലുകളുമാണ് വമ്പന്‍ വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്.