വരുന്ന ഏപ്രില്‍ 8 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ അവര്‍ക്ക് നല്‍കിയ ടെസ്റ്റിംഗ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അക്കാര്യം അറിയിക്കണം എന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചാല്‍ മതി.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. എന്നാല്‍, ഞായറാഴ്ചയും പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റുകള്‍, സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ 3 ദിവസം മുന്‍പ് മാത്രം അറിയിച്ചാല്‍ മതിയാകും.
പലരും ഡ്രൈവിംഗ് ടെസ്റ്റ് തീയതി അടുക്കുന്നതോടെയാണ് അത് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുന്നത്. അങ്ങനെ വന്നാല്‍ ആ സ്ലോട്ട് മറ്റൊരു വ്യക്തിക്ക് ലഭിക്കും. എന്നാല്‍, കുറഞ്ഞ കാലയളവിലെ അറിയിപ്പില്‍ ടെസ്റ്റ് പാസ്സാകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. അങ്ങനെ വന്നാല്‍, പല അപ്പോയിന്റ്‌മെന്റുകളും പ്രയോജന രഹിതമാകും. ഇത് ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ ദീര്‍ഘകാലത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ചില പരിതസ്ഥിതികളില്‍ ഈ കാലയളവ് കഴിഞ്ഞ് ടെസ്റ്റ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്താലും ഫീസ് തിരികെ ലഭിക്കും. രോഗം, അല്ലെങ്കില്‍ പരിക്കുകള്‍ മൂലം ടെസ്റ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യം, അടുത്ത കുടുംബാംഗങ്ങളുടെ വിയോഗം, സ്‌കൂളിലോ കോളേജിലോ പരീക്ഷ എഴുതേണ്ടി വരിക, തുടങ്ങിയ സാഹചര്യങ്ങളിലാണ് ഹ്രസ്വകാല നോട്ടീസ് നല്‍കി ടെസ്റ്റ് റദ്ദ് ചെയ്താലും ഫീസ് തിരികെ ലഭിക്കുക.