എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം. നഴ്‌സുമാരുടെ കുറവ് ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് രോഗികളാണ് അപകടാവസ്ഥ നേരിടുന്നതെന്ന് ഞെട്ടിപ്പിക്കുന്ന അന്വേഷണത്തില്‍ വ്യക്തമായി.
കാല്‍ശതമാനത്തോളം ആശുപത്രികളിലാണ് നഴ്‌സുമാരെ റൊട്ടേഷനില്‍ നിയോഗിക്കുന്നതില്‍ അപകടകരമായ വിടവ് പതിവായി നേരിടുന്നത്. കുട്ടികളുടെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലുമാണ് ഈ ദുരവസ്ഥ ഏറ്റവും മാരകമായ നിലയില്‍ അനുഭവപ്പെടുന്നത്. നഴ്‌സുമാരുടെ സേവനത്തില്‍ ചെറിയ കുറവ് നേരിടുന്നത് പോലും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം തെളിയിക്കുമ്പോഴാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത് പതിവായി നേരിടുന്നത്.
അമിതമായി ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥ മോശമാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പരിചരണത്തിന്റെ വിവിധ തലങ്ങളെ ബാധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് മരുന്നും, ഭക്ഷണവും, പാനീയങ്ങളും കൃത്യസമയത്ത് ലഭിക്കുന്നത് ഉള്‍പ്പെടെയാണ് തടസ്സപ്പെടുന്നത്. നഴ്‌സുമാര്‍ക്ക് അല്‍പ്പ നേരം ഇരുന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത തിരക്കുമാണ്.
ചാനല്‍ 4 പത്ത് മാസമായി വിവരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിനൊടുവിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കണക്കുകള്‍ അത്യധികം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വിദഗ്ധര്‍ പ്രതികരിച്ച് കഴിഞ്ഞു. ആശുപത്രികളില്‍ എത്ര നഴ്‌സുമാരുടെ സേവനം ഒരു ഷിഫ്റ്റില്‍ ആവശ്യം വരുമെന്നും, എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ നിയോഗിക്കപ്പെട്ടുവെന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ കണക്കുകലാണ് ഇപ്പോള്‍ പുറത്തായത്.
2023 ജനുവരി മുതല്‍ 2024 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 31 ശതമാനം അക്യൂട്ട് ആശുപത്രികളിലും പ്രതീക്ഷിച്ചതിന്റെ 10% കുറവ് നഴ്‌സുമാരാണ് ലഭ്യമായത്. കാല്‍ശതമാനം നിയോനേറ്റല്‍ യൂണിറ്റുകളിലും, 18 ശതമാനത്തോളം ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡുകളിലും ആവശ്യമുള്ളതിലും 20 ശതമാനത്തിലേറെ നഴ്‌സുമാരാണ് ഷിഫ്റ്റില്‍ ഉണ്ടായത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ 275,000 നഴ്‌സിംഗ് വേക്കന്‍സികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.