സബ്സ്റ്റേഷനിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹീത്രു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും സാധാരണ നില കൈവരിക്കാന്‍ ഇനിയും താമസം നേരിടും. പ്രതിസന്ധി ബാധിച്ചത് 2 ലക്ഷത്തിലധികം യാത്രക്കാരെയാണ്
ഇന്നലെ എയര്‍പോര്‍ട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയര്‍പോര്‍ട്ടില്‍ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയര്‍പോര്‍ട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാന്‍ സാധിച്ചത്.
ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത വിമാനങ്ങള്‍ തിരിച്ചുവിട്ടത് മറ്റ് എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സര്‍വീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകള്‍ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയില്‍ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങള്‍ മൊത്തത്തില്‍ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു.
ഹീത്രു എയര്‍പോര്‍ട്ടില്‍ നേരിട്ട യാത്രാ തടസത്തില്‍ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോള്‍ഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താല്‍ക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ക്ക് അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ കാനഡ, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ ഹീത്രൂവിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് നിരവധി എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് സബ്സ്റ്റേഷനിലെ തീപിടുത്തത്തില്‍ ദുരൂഹത ഒന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങള്‍ ആയിരുന്നു. ജോലി, ചികില്‍സ, മരണാനന്തര കര്‍മങ്ങള്‍, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.
നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വിമാനങ്ങളാണ് 24 മണിക്കൂറിനിടെ റദ്ദാക്കപ്പെട്ടത്. ഇരുന്നൂറോളം വിമാനങ്ങള്‍ ബ്രിട്ടന്റെ അന്തരീക്ഷത്തില്‍ മണിക്കൂറുകള്‍ അധികപ്പറക്കല്‍ നടത്തിയാണ് താല്‍കാലിക ലാന്‍ഡിങ്ങിന് പരിസരത്തെ വിമാനത്താവളങ്ങളില്‍ റണ്‍വേ കണ്ടെത്തിയത്. സ്റ്റാന്‍സ്റ്റഡ്, ലുട്ടന്‍, ഗാട്ട്വിക്ക്, ലണ്ടന്‍ സിറ്റി, ഗ്ലാസ്ഗോ, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം എന്നീ എയര്‍പോര്‍ട്ടുകള്‍ക്കു പുറമെ പല വിമാനങ്ങളും ബ്രിട്ടനിലെതന്നെ മറ്റു വിമാനത്താവളങ്ങളുടെയും ഫ്രാന്‍സ്, ബല്‍ജിയം ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായം തേടിയാണ് നിലം തൊട്ടത്. ചില വിമാനങ്ങള്‍ എങ്ങും ഇറങ്ങാതെ പാതിവഴി യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി.
വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പടിഞ്ഞാറന്‍ ലണ്ടനിലെ പവര്‍ സ്റ്റേഷനിലുണ്ടായ തീപിടുത്തമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വൈദ്യുതി ഇല്ലാതായതോടെ വിമാനത്താവളം അടച്ചിടുകയല്ലാതെ അധികൃതര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അര്‍ധരാത്രിവരെ സര്‍വീസുകള്‍ നിര്‍ത്തിയെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വൈദ്യുതി ബന്ധം പുഃനസ്ഥാപിച്ചു. ഇതോടെ സര്‍വീസുകളും തുടങ്ങി. വിമാനത്താവളം തുറന്നെങ്കിലും എയര്‍ലൈന്‍ കമ്പനികളില്‍ നിന്നും കൃത്യമായ അറിയിപ്പു ലഭിക്കാതെ യാത്രക്കാരാരും വിമാനത്താവളത്തിലേക്ക് വരരുതെന്ന് അറിയിപ്പുണ്ട്.
പ്രഥമ പരിഗണന റീലൊക്കേഷനും റീപാട്രിയേഷനും വന്ന വിമാനങ്ങള്‍ തിരിച്ചയക്കുന്നതിനും പലയിടത്തായി ഇറങ്ങിയ വിമാനങ്ങളുടെ റീലൊക്കേഷനുമാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. ഇതിനു ശേഷമാകും ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ ആരംഭിക്കുക.
തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയോ ഭീകരരുടെ പങ്കോ ഉണ്ടോയെന്ന് കൗണ്ടര്‍ ടെററിസം പൊലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള, സൂചനകള്‍ ഒന്നുമില്ലെന്നാണ് മെട്രോപോളിറ്റന്‍ പൊലീസ് വ്യക്തമാക്കുന്നത്.