ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസ് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അമിതമായി ആശ്രയിച്ചെന്ന് കണക്കുകള്‍. മെഡിക്കല്‍ ജീവനക്കാരുടെ ഗുരുതര ക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്തതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി തന്നെ രംഗത്തുവന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് തെറ്റായതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
നൈജീരിയ, ഘാന, സിംബാബ്‌വേ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇംഗ്ലണ്ട് ഹെല്‍ത്ത് സര്‍വ്വീസ് ജോലിക്കെടുത്തത്. 2020 അവസാനത്തോടെ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും യുകെ വിടപറഞ്ഞതോടെയാണ് ഈ സാഹചര്യം ശക്തമായത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യ വ്യവസ്ഥ തകരാറിലാക്കുമെന്നാണ് വിമര്‍ശനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നടപടി സദാചാരവിരുദ്ധമാണെന്നാണ് ആരോപണം. എന്‍എച്ച്എസില്‍ നിലവില്‍ 53 റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 65,610 ക്ലിനിക്കല്‍ ജീവനക്കാരും, സപ്പോര്‍ട്ട് സ്റ്റാഫും ഉണ്ടെന്നാണ് കണക്ക്.
2021 ജനുവരി മുതല്‍ 2024 സെപ്റ്റംബര്‍ വരെ കാലയളവില്‍ യുകെയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച മൂന്നില്‍ രണ്ട് നഴ്‌സുമാര്‍, ഏകദേശം 46,890 പേര്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ പെട്ടവരാണെന്നാണ് കണക്ക്. ബ്രിട്ടനില്‍ ആവശ്യത്തിന് ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയാതെ വരുന്നതോടെയാണ് വിദേശ റിക്രൂട്ട്‌മെന്റ് ആവശ്യമായി മാറുന്നത്.