ലണ്ടന്‍: ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേരത്തേ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള ബജറ്റ് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കുന്നു . നാഷണല്‍ വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്ന വീടു വിലയുടെ പകുതി ഒന്നേകാല്‍ ലക്ഷം പൗണ്ടാക്കി കുറച്ചു.
അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ബ്രിട്ടന്റെ വെല്‍ഫെയര്‍ ബജറ്റിലാണ് റീവ്‌സ് പ്രധാനമായി കത്തിവെച്ചത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ് എന്നിവയില്‍ നിന്നും 3.4 ബില്ല്യണ്‍ പൗണ്ടാണ് കുറവ് വരുത്തിയത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ കുറയ്ക്കാനായി വോളണ്ടറി എക്‌സിറ്റ് സ്‌കീമും, എഐ ടൂളുകളും പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ട്. പ്രതിരോധ മേഖലയ്ക്കായി 2.2 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കാനാണ് പുതിയ നിര്‍ദ്ദേശം.
അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1400 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും. ഒക്ടോബറിലെ ബജറ്റില്‍ പരാമര്‍ശിച്ചിരുന്നത് പോലെ ഏപ്രില്‍ ഒന്നു മുതല്‍ നാഷണല്‍ ലിവിംഗ് വേജില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുമെന്ന് ഇന്നലെ പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെ റെയ്ച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു. ഇത് ഏകദേശം മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാകും. മിനിമം വേതനം നിലവിലെ 11.44 പൗണ്ടില്‍ നിന്നും 6.7 ശതമാനം വര്‍ദ്ധിച്ച് മണിക്കൂറില്‍ 12.21 പൗണ്ടായാണ് ഉയരുന്നത്.
അതേസമയം, 18 മുതല്‍ 20 വയസുവരെയുള്ളവര്‍ക്കുള്ള മിനിമം വേതനം 8.60 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 10 പൗണ്ട് ആയി ഉയരും. 16.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഉണ്ടാകുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പ്രവചിച്ചിരിക്കുന്ന പണപ്പെരുപ്പ നിരക്കിനേക്കാള്‍വളരെ ഉയര്‍ന്ന നിരക്കാണിത്.
ആളുകളെ തൊഴിലിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ ഒരു ബില്യണ്‍ പൗണ്ട് ചെലവാക്കുമെന്നും തന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉദ്ദേശിച്ചത്ര പണം ലഭ്യമാകില്ലെന്ന ഒ ബി ആറിന്റെ അറിയിപ്പിനെ തുടര്‍ന്ന് ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിച്ചുരുക്കിയേക്കും എന്നറിയുന്നു.
വരുമാന നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി 2030 വരെ മാറ്റമില്ലാതെ തുടരുമെന്നാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ പേര്‍ നികുതിയുടെ വലയിലേക്ക് വരും. മാത്രമല്ല, ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സും ഇല്ലാതെയാകുന്നതോടെ ഏകദേശം 60 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടതായി വരും. 12,570 പൗണ്ട് വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇതിനെയാണ് പേഴ്സണല്‍ അലവന്‍സ് എന്ന് പറയുന്നത്.
12,571 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനമുള്ളവര്‍ 20 ശതമാനം വരുമാന നികുതി നല്‍കണം. 50,271 പൗണ്ട് മുതല്‍ 1,25,140 പൗണ്ട് വരെയുള്ള വരുമാനത്തിന് 40 ശതമാനം നിരക്കിലും അതിനു മുകളിലുള്ളതിന് 45 ശതമാനം നിരക്കിലുമാണ് നികുതി നല്‍കേണ്ടത്. ഓരോ ടാക്സ് ബാന്‍ഡിലും എത്രമാത്രം വരുമാനം വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, നിങ്ങള്‍ നല്‍കേണ്ട വരുമാന നികുതി കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിവര്‍ഷം 52,000 പൗണ്ട് വരുമാനമുള്ള വ്യക്തിയാണെങ്കില്‍, 12,570 പൗണ്ട് വരെയുള്ള തുകക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള 37,700 പൗണ്ടിന് 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം.
കാരണം 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി നിരക്ക്. അതിനു മുകളിലുള്ള 1,730 പൗണ്ടിന് 40 ശതമാനം നിരക്കിലും നികുതി നല്‍കണം. എന്നാല്‍, ഒരു ലക്ഷം പൗണ്ടിന് മേല്‍ വരുമാനമുള്ളവര്‍ക്ക് പേഴ്സണല്‍ ടാക്സ് ബെനഫിറ്റിന് അര്‍ഹതയില്ല. അതുകൊണ്ടു തന്നെ ഒരു ലക്ഷം മുതല്‍ 1,25,140 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്ക് അവര്‍ സമ്പാദിക്കുന്ന ആദ്യ ഒരു പൗണ്ട് മുതല്‍ നികുതി നല്‍കേണ്ടതായി വരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നികുതി നിരക്ക് 40 ശതമാനമാണെങ്കിലും ഫലത്തില്‍ അത് 60 ശതമാനം വരെയായി ഉയരുമെന്നര്‍ത്ഥം.
കഴിഞ്ഞയാഴ്ചയായിരുന്നു ഏകദേശം അഞ്ചു ബില്യണ്‍ പൗണ്ടിന്റെ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചത്. മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഡിസെബിലിറ്റി ബെനെഫിറ്റുകള്‍ക്ക് അര്‍ഹരായവരുടെ എണ്ണം കുറയ്ക്കുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവഴി 2029/30 വരെ വെറും മൂന്നു ബില്യണ്‍ പൗണ്ട് മാത്രമേ ലാഭിക്കാനാവൂ എന്നായിരുന്നു ഒ ബി ആര്‍ പറഞ്ഞത്.
ഇതോടെയാണ് കൂടുതല്‍ വെട്ടിനിരത്തലിലേക്ക് റീവ്‌സ് ഇറങ്ങിയത്. 2025 -26 കാലത്ത് പ്രതിവാരം 92 പൗണ്ടുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് സ്റ്റാന്‍ഡേര്‍ഡ് അലവന്‍സ് 2029/30 ആകുമ്പോഴേക്കും 106 പൗണ്ട് ആയി വര്‍ദ്ധിക്കുമെന്ന് റേച്ചല്‍ റീവ്‌സ് അറിയിച്ചു. എന്നാല്‍ പുതിയതായി ഇതിനുവേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് ഇതിലെ ഹെല്‍ത്ത് എലമെന്റ് 50 ശതമാനമായി വെട്ടിക്കുറയ്ക്കും.
സ്റ്റാമ്പ് ഡ്യൂട്ടി ബാധകമായ വീടു വിലയുടെ പരിധി 2,50,000 പൗണ്ടില്‍ നിന്നും 1,25,000 പൗണ്ട് ആയി കുറച്ചതോടെ കൂടുതല്‍ പേര്‍ക്ക് വീടുവാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. പുതിയ പരിധി നിലവില്‍ വരുന്നതിനു മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച എകദേശം 70,000 പേര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്ക് പുതിയ നിയമമനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും.
പുതിയ പരിധി നിലവില്‍ വരുന്നതോടെ ഇംഗ്ലണ്ടിലെ ഒരു ശരാശരി വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 2,028 പൗണ്ടില്‍ നിന്നും 4,528 പൗണ്ട് ആയി ഉയരും. കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയുടെ വിശകലന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുപോലെ, ആദ്യ വീടു വാങ്ങുന്നവര്‍ക്ക് നേരത്തെ 4,25,000 പൗണ്ട് വിലയുള്ള വീടുകള്‍ക്ക് വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുണ്ടായിരുന്നപ്പോള്‍ അത് ഇപ്പോള്‍ മൂന്നു ലക്ഷമായി കുറച്ചു. അതായത് ഏപ്രില്‍ മുതല്‍ 4,25,000 പൗണ്ട് വിലയുള്ള വീടുകള്‍ക്ക് 6,025 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടി വരും. അഞ്ചു ലക്ഷം പൗണ്ട് വിലയുള്ള വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 3,750 പൗണ്ടില്‍ നിന്നും 10,000 പൗണ്ട് ആയി വര്‍ദ്ധിക്കും.