കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയുടെ ഭാഗമായി 76കാരനായ രാജാവ് ഇന്നലെ വീണ്ടും അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു. ചില താത്ക്കാലിക പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഹ്രസ്വകാലത്തേക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, രാത്രിയോടെ രാജാവ് ക്ലെയറന്‍സ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കാന്‍ ചാള്‍സ് രാജാവ് നിര്‍ബന്ധിതനായിരിക്കുകയാണ്.
ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്നും, ചികിത്സ നേരായ ദിശയില്‍ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും കൊട്ടാരവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചികിത്സ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായിട്ടാണ് ഇന്ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പരിപാടി അദ്ദേഹം ഉപേക്ഷിച്ചതെന്നും അവര്‍ പറയുന്നു. നാടകീയത ഒന്നുമില്ലെന്നും ചികിത്സയുടെ ഭാഗമായുള്ള ആശുപത്രി സന്ദര്‍ശനം മാത്രമായിരുന്നു നടന്നതെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.
എന്നാല്‍, കാന്‍സര്‍ ബാധിതനാണെന്ന് വെളിപ്പെടുത്തി ഒരു വര്‍ഷം പിന്നിടുമ്പോഴും, തന്റെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും അദ്ദേഹം ചികിത്സ തുടരുകയാണെന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. ഏത് തരം കാന്‍സറാണ് രാജാവിനെ ബാധിച്ചിരിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വളരെ നേരത്തെ തന്നെ അത് കണ്ടെത്താനായി എന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്.