ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നില്ല എന്ന് ചില ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ പരാതിപ്പെട്ടത്തിന്റെ പേരിലാണ് കള്‍ച്ചര്‍ സെക്രട്ടറി ലിസ നന്ദിയെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കാന്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ലിസ നന്ദി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ വകുപ്പില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലിസ നന്ദി ജോലി ചെയ്യുന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കാബിനറ്റിലെ ഇടതുവിഭാഗത്തിന്റെ നേതാവ് എന്ന നിലയില്‍, ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ലിസ നന്ദി പുറത്താകാന്‍ കാരണമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ്, മോര്‍ഗന്‍ മെക്സ്വീനിയാണ് ലിസ നന്ദിയെ പുറത്താക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇടതുപക്ഷത്തെ ഇല്ലാതെയാക്കാനാണ് ചിലരുടെ ശ്രമമെന്ന് ഒരു എം പി ആരോപിച്ചു.
എന്നാല്‍ , സമര്‍ത്ഥരായ പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് മന്ത്രിസഭ പുനസംഘടന എന്നാണ് എതിര്‍ഭാഗം വാദിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ഏറ്റവും സമര്‍ത്ഥരായവരെ സ്റ്റാര്‍മര്‍ക്ക് അറിയാമെന്നും ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്ളവരില്‍ ചിലര്‍ അത്ര കഴിവുകള്‍ ഉള്ളവരല്ലെന്നും അവര്‍ പറയുന്നു.