യുകെയില്‍ ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നേരിടണം. ഇതിന് പുറമെ ഇവി ഉടമകള്‍ ഇതുവരെ ആസ്വദിച്ച നികുതി ഇളവ് ഇനി ലഭ്യമാകില്ല. ഇതോടെ ഒരു ദശകത്തിനിടെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ക്കായി നല്‍കുന്ന നികുതിയില്‍ സാരമായ മാറ്റം വരും.
ഈ വര്‍ഷം പുതിയതും, പഴയതുമായ കാര്‍ ഉടമകള്‍ക്ക് വേദന അനുഭവിക്കേണ്ടി വരും. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിഇഡി നിരക്ക് ആദ്യ വര്‍ഷം ഇരട്ടിയാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു. 195 പൗണ്ട് വരെയാണ് വാര്‍ഷിക ബില്ലായി ഇത് ഉയരുന്നത്.
ഇവികള്‍ക്കാകട്ടെ വാര്‍ഷിക ബില്‍ 620 പൗണ്ടിലെത്തും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 100 പൗണ്ടാണ് വര്‍ദ്ധിക്കുക. 270 പൗണ്ട് വരെയാണ് ഇവയ്ക്ക് ഷോറൂം ടാക്‌സ്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകള്‍ക്കും ആദ്യ വര്‍ഷത്തെ നികുതി വര്‍ദ്ധനവ് നേരിടുന്നുണ്ട്. മുന്‍പ് 195 പൗണ്ടായിരുന്നത് 390 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്.
2001 മാര്‍ച്ച് 1-നും, 2017 മാര്‍ച്ച് 31-നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത പഴയ കാറുകള്‍ക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷന്‍ അനുസരിച്ച് എ മുതല്‍ എം വരെയാണ് ക്ലാസിഫൈ ചെയ്യുന്നത്. വാര്‍ഷിക വിഇഡി ചെലവ് 5 പൗണ്ട് മുതല്‍ 25 പൗണ്ട് വരെയാണ് വര്‍ദ്ധിക്കുന്നത്. മലിനീകരണം കൂടുതലുള്ള പഴയ കാറുകള്‍ക്കായി കാര്‍ ടാക്‌സ് ഇനത്തില്‍ 760 പൗണ്ട് വരെ ചെലവാക്കേണ്ടി വരും.