അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊല: ഭാര്യക്ക് ലണ്ടന്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഭര്‍ത്താവ്
ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭര്‍ത്താവ് റെജിന്‍ രാജന്‍ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കി. അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നെന്നും അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തിയത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്നും റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു.
ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചതും. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും ആദ്യം കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല.
തുടര്‍ന്ന് കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയില്‍ നടക്കവേ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്. ഭാര്യയുടെ മൊബൈലില്‍ ലണ്ടനിലുള്ള യുവാവുമായി നടത്തിയ ചാറ്റില്‍ അരുതാത്ത ചിത്രങ്ങള്‍ കണ്ടെന്നും ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും റെജിന്‍ വെളിപ്പെടുത്തി. അടുപ്പത്തെ കുറിച്ച് അറിയുന്നതിന് മുന്‍പ് ദീപ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നുവെന്നും വിവാഹ മോചനത്തിനായി ദീപ മുന്‍കൈ എടുത്തുവെന്നും റെജിന്‍ മൊഴിയില്‍ പറഞ്ഞു.
കൊലപാതകം നടന്ന വീട്ടില്‍ ഇവര്‍ക്കൊപ്പം ഒരു മലയാളി യുവതി കൂടി റൂം ഷെയര്‍ ചെയ്തു താമസിച്ചിരുന്നു. വിചാരണ വേളയില്‍ ഇവരില്‍ നിന്നും ദീപയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും റെജിന്റെ കോര്‍ക്കിലെ പരിചയക്കാരില്‍ നിന്നും സാക്ഷി മൊഴികള്‍ എടുത്തു. വിചാരണ ഒരാഴ്ച കൂടി നീണ്ടുനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലുള്ള ദീപയുടെ സഹോദരന്‍, മകന്‍ റെയാന്‍ ഷാ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി ഓണ്‍ലൈനായാണ് എടുത്തത്. കൊലപാതകം നടത്തും മുന്‍പ് റെജിന്‍ കൊലപാതകത്തിന് അയര്‍ലന്‍ഡില്‍ ലഭിക്കുന്ന ശിക്ഷ, ജയിലിലെ സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് ഗൂഗിള്‍ സേര്‍ച്ച് നടത്തിയതായി പൊലീസ് കോടതിയില്‍ മൊഴി നല്‍കി. കൊലപാതക ശേഷം റെജിന്‍ എഴുതിയ ഒരു കത്തും, കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും പൊലീസ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. 8,50,000 പേജുള്ള കുറ്റപത്രവും ഫൊറന്‍സിക് തെളിവുകളും 110 മൊഴികളും ഉള്‍പ്പെടുന്ന രാജ്യാന്തര തലത്തില്‍ നടന്ന അന്വേഷണം വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നുവെന്ന് കേസ് അന്വേഷിച്ച ആംഗ്ലീസിയ സ്ട്രീറ്റ് ഗാര്‍ഡ (പൊലീസ്) സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജേസണ്‍ ലിഞ്ച് പറഞ്ഞു.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസ്സുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ദീപയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയപ്പോള്‍ മകനെ ദീപയുടെ ബന്ധുക്കള്‍ക്ക് കൈമാറി. കോര്‍ക്കിലെ എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയര്‍ലന്‍ഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവിനെയും മകനെയും ദീപ അയര്‍ലന്‍ഡില്‍ ആശ്രിത വീസയില്‍ എത്തിക്കുകയായിരുന്നു.