ലണ്ടന്‍: മടക്കി സൂക്ഷിക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകള്‍ക്ക് ലണ്ടന്‍ ട്യൂബില്‍ നിരോധനം. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടിഎഫ്എല്‍) ഈ തീരുമാനം. ഓവര്‍ ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡിഎല്‍ആര്‍ എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയില്‍ മറ്റു ലൈനുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ റെയ്‌നേഴ്‌സ് ലെയ്ന്‍ ട്യൂബ് സ്റ്റേഷനിലും സട്ടന്‍ സ്റ്റേഷനിലും രണ്ടാഴ്ച മുന്‍പ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. സമാനമായ നാല്‍പത് അപകടങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടന്‍ നഗരത്തില്‍ ഉണ്ടായത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇ-ബൈക്കുകള്‍ ട്രെയിനില്‍ കയറ്റുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയന്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ടിഎഫ്എല്‍ നടത്തിയ റിസ്‌ക് അസസ്സ്‌മെന്റിനെ തുടര്‍ന്നാണ് സുരക്ഷിതമായി മടക്കി സൂക്ഷിക്കാന്‍ കഴിയാത്ത ഇ- ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. മടക്കാന്‍ കഴിയാത്ത ബൈക്കുകള്‍ എസ്‌കേപ്പ് റൂട്ടുകളില്‍ തടസം സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. വിലകുറഞ്ഞ ബാറ്ററിയുടെ ഉപയോഗം, കൃത്യമായ ചാര്‍ജറുകള്‍ ഉപയോഗിക്കാത്തത്, രൂപകല്‍പനയില്‍ വരുത്തുന്ന മാറ്റങ്ങള്‍, ബാറ്ററി തണുക്കാതെ വീണ്ടും ചാര്‍ജ് ചെയ്യുന്നത്, ബാറ്ററി മുഴുവന്‍ ചാര്‍ജായിട്ടും ചാര്‍ജര്‍ നീക്കം ചെയ്യാതിരിക്കുന്നത് തുടങ്ങിയവയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.