ഏപ്രില്‍ എത്തിയതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആഘാതം സമ്മാനിച്ചു സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും. സകല ബില്ലുകളും ഉയരുന്ന മാസം കൂടിയാണിത്. ഒപ്പം നികുതികളും ഉയരും. ഇക്കുറി എനര്‍ജി ബില്‍ മുതല്‍ വെള്ളം, കാര്‍ ടാക്‌സ്, ടിവി ലൈസന്‍സ് എന്നുവേണ്ട ബില്ലുകള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ വക നികുതികളും വര്‍ദ്ധിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.
പല ചെലവുകള്‍ ഒരേ സമയം ഉയരുന്നതിനാല്‍ ഏപ്രില്‍ മാസത്തിലെ ഈ തിരിച്ചടി വലിയ ആഘാതമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ചില വര്‍ദ്ധനവുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. എനര്‍ജി ബില്ലുകളില്‍ 'ഒരു പിടി' വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രഖ്യാപിച്ച പ്രൈസ് ക്യാപ്പ് വര്‍ദ്ധന ചൊവ്വാഴ്ച നിലവില്‍ വരുന്നതോടെ 6.4%, അഥവാ 111 പൗണ്ട് വ്യത്യാസമാണ് എനര്‍ജി ബില്ലുകളില്‍ നേരിടുക. ഇത് ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് 1849 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും.
ഇതിന് പുറമെ വാട്ടര്‍ ബില്ലുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവും ഇക്കുറി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ശരാശരി 26% വര്‍ദ്ധനവാണ് നേരിടേണ്ടത്. ഇതോടെ വാര്‍ഷിക ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്ക് കുതിച്ചുചാടും.
കൗണ്‍സില്‍ ടാക്‌സാണ് മറ്റൊരു വന്‍തിരിച്ചടി നല്‍കുന്നത്. ശരാശരി ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ബില്ലുകള്‍ 2025-26 വര്‍ഷം 2280 പൗണ്ടായാണ് വര്‍ദ്ധിക്കുക. ചില കൗണ്‍സിലുകള്‍ക്ക് ക്യാപ്പിനെ മറികടന്ന് നിരുതി വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകള്‍ക്ക് റോഡ് ടാക്‌സ് ഇനത്തില്‍ 5 പൗണ്ട് അധികം വേണ്ടിവരും. കളര്‍ ടിവി ലൈസന്‍ലസിലും 5 പൗണ്ട് വര്‍ദ്ധിച്ച് 174.50 പൗണ്ടായി നിരക്ക് ഉയരും.