ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ യുകെയിലെകുടുംബ ബജറ്റുകള്‍ തകിടം മറിക്കും. സേവന ബില്ലുകളും, ബെനഫിറ്റ് നിയന്ത്രണങ്ങളും ചേര്‍ന്ന് ജീവിത നിലവാരം ചരിത്രത്തിലെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോവുകയാണ്.
ഈ വര്‍ഷം ബ്രിട്ടനിലെ കുടുംബങ്ങളുടെ അവസ്ഥ 400 പൗണ്ട് കൂടുതല്‍ മോശമാകുമെന്ന് ഇക്കണോമിസ്റ്റുകള്‍ പറയുന്നു. റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതോടെയാണ് ഇത് സാരമാകുന്നതെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നു.
നികുതി വര്‍ദ്ധനവുകള്‍, ഉയരുന്ന യൂട്ടിലിറ്റി ബില്ലുകള്‍, ബെനഫിറ്റ് നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ആഘാതമാണ് പ്രതിസന്ധിയാകുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മോശം ജീവിതനിലവാരത്തിലേക്കാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് ബുദ്ധികേന്ദ്രം പറയുന്നു.
തുടര്‍ച്ചയായി പേഴ്‌സണല്‍ ടാക്‌സ് പരിധി മരവിപ്പിക്കുന്നത് കൂടുതല്‍ ശമ്പളക്കാരെ ഉയര്‍ന്ന നികുതി ബാന്‍ഡുകളിലേക്ക് എത്തിക്കും. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ശമ്പള വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും, കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ കുറവ് സൃഷ്ടിക്കുമെന്നും പറയപ്പെടുന്നു.
ഈ നികുതി നയങ്ങളിലൂടെ മാത്രം ശരാശരി കുടുംബത്തിന്റെ വരുമാനത്തില്‍ നിന്നും പ്രതിവര്‍ഷം 170 പൗണ്ട് വരെ ചോരുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ഉയരുന്ന കൗണ്‍സില്‍ ടാക്‌സും, യൂട്ടിലിറ്റി ബില്ലുകളും ഇംഗ്ലണ്ടിലെ കുടുംബങ്ങളില്‍ നിന്നും ശരാശരി 80 പൗണ്ട് അധികം പിടുങ്ങും. പണപ്പെരുപ്പത്തിന് മുകളില്‍ വര്‍ദ്ധിക്കുന്ന വാട്ടര്‍ ബില്ലുകളാണ് ഏറ്റവും വലിയ ആഘാതം സമ്മാനിക്കുക. ശരാശരി 120 പൗണ്ട് വരെ വാര്‍ഷിക നിരക്കില്‍ വ്യത്യാസം നേരിടണം.
ഈ ഘട്ടത്തിലാണ് ഈ സാമ്പത്തികവര്‍ഷം 400 പൗണ്ട് വരെ കുടുംബങ്ങള്‍ക്ക് അധിക നഷ്ടം അനുഭവിക്കേണ്ടി വരുന്നത്.