ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി വീടുവാങ്ങാന്‍ ഇറങ്ങിയവരുടെ തിരക്ക് കുറഞ്ഞതോടെ വീടുവില കുത്തനെ ഇടിയുകയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ വിലയിടിവിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നാണ് ഹാലിഫാക്സ് പറയുന്നത്. ഏകദേശം 0.5 ശതമാനത്തോളമാണ് മാര്‍ച്ചില്‍ വിലയിടിഞ്ഞത്.
തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ബ്രിട്ടനിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഹാലിഫാക്സ്, ഫെബ്രുവരിയില്‍ ഉണ്ടായ വിലയിടിവ് നേരത്തെ പറഞ്ഞതുപോലെ 0.1 ശതമാനമല്ലെന്നും 0.2 ശതമാനമാണെന്നും പറഞ്ഞു. ഏപ്രില്‍ 1 ന് നിലവില്‍ വന്ന , സ്റ്റാമ്പ് ഡ്യൂട്ടി നിയമത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ആളുകള്‍ തിരക്കു കൂട്ടിയ ജനുവരിയില്‍ വീടുകളുടെ വില വര്‍ദ്ധിച്ചതിനു ശേഷമാണ് തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ വിലയിടിയുന്നത്.