എന്‍എച്ച്എസിലെ ചെലവുചുരുക്കല്‍ മൂലം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് മേധാവികള്‍ രംഗത്തുവന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, പുതിയ എന്‍എച്ച്എസ് മേധാവിയും ഉത്തരവിട്ട ചെലവ് ചുരുക്കല്‍ പദ്ധതിയും പുനഃസംഘടനയും ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നിന്നും 100,000-ലേറെ തൊഴിലുകള്‍ നഷ്ടമാക്കുമെന്ന് സൂചനയുണ്ട്. തൊഴില്‍ നഷ്ടത്തിന്റെ തോത് വന്‍തോതില്‍ ഉയരുമെന്ന് ഉറപ്പായതോടെയാണ് ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെട്ടത്.
2 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടം വരുമെന്നാണ് കണക്ക്. കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളുടെ ചെലവ് ചുരുക്കാനാണ് 215 ട്രസ്റ്റുകളോട് പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി ഉത്തരവ് നല്‍കിയിരിക്കുനന്ത്. എച്ച്ആര്‍, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്നായി 50 ശതമാനം ചെലവാണ് ചുരുക്കേണ്ടത്.
എന്നാല്‍ 3% മുതല്‍ 11% വരെ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഈ മാറ്റങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് 215 ട്രസ്റ്റുകളിലായി നടപ്പാക്കിയാല്‍ 41,000 മുതല്‍ 150,700 പേര്‍ക്ക് വരെ ജോലി നഷ്ടമാകും.
വന്‍തോതില്‍ പണം ലാഭിക്കാനാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറഞ്ഞു. എന്നാല്‍ രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് കുറയ്ക്കാന്‍ ഇത് ഉപകരിക്കില്ല. തൊഴില്‍ നഷ്ടം മൂലം വരുന്ന ബില്‍ അടയ്ക്കാന്‍ ട്രഷറി എന്‍എച്ച്എസ് ഫണ്ട് സൃഷ്ടിക്കണമെന്ന് ടെയ്‌ലര്‍ ആവശ്യപ്പെട്ടു.