പ്രതിവര്‍ഷം ആയിരക്കണക്കിന് പുരുഷന്‍മാരുടെ ജീവന്‍ അപഹരിക്കുന്ന രോഗത്തിന് എതിരെ സ്‌ക്രീനിംഗ് നടത്താനുള്ള പദ്ധതിക്ക് പുതുജീവന്‍. ദേശീയ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം ആരംഭിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് അനുകൂല സ്വരം ഉയരുന്നത്. പുരുഷന്‍മാരെ ബാധിക്കുന്ന രോഗത്തിന് എതിരെ മുന്‍കൂറായി നീങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി റിവ്യൂ പ്രഖ്യാപിച്ചു.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കുടുംബ പശ്ചാത്തലമുള്ള പുരുഷന്‍മാര്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുക്കുന്നതിനെയും ഹെല്‍ത്ത് സെക്രട്ടറി അനുകൂലമായാണ് കാണുന്നത്. 94 ശതമാനം ജിപിമാരാണ് ഇപ്പോള്‍ സ്‌കീമിനെ പിന്തുണയ്ക്കുന്നത്. 45 മുതല്‍ 69 വയസ് വരെയുള്ള പുരുഷന്‍മാര്‍ക്കിടയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് 775 കേസുകള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ റിസേര്‍ച്ച് പറയുന്നത്.
ഏത് സ്‌ക്രീനിംഗ് പ്രോഗ്രാം നല്‍കണമെന്ന് ഗവണ്‍മെന്റിനെ ഉപദേശിക്കുന്ന യുകെ നാഷണല്‍ സ്‌ക്രീനിംഗ് കമ്മിറ്റി ഈ വര്‍ഷം ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യും. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. 2023-ല്‍ 55,033 കേസുകള്‍ തിരിച്ചിറിഞ്ഞിരുന്നു.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സ വിജയിക്കാനുള്ള സാധ്യതയും കൂടും. വര്‍ഷത്തില്‍ 10,200 പേരാണ് ഇംഗ്ലണ്ടില്‍ ഈ രോഗം ബാധിച്ച് മരിക്കുന്നത്.