യുകെ മലയാളികളെ തേടി മറ്റൊരു അപ്രതീക്ഷിത വിയോഗ വാര്‍ത്തകൂടി. ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോന്‍– 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടന്‍തന്നെ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ഫിഞ്ച്‌ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിന രണ്ടു വര്‍ഷം മുന്‍പാണ് ജോനസും കുടുംബവുമൊത്ത് യുകെയില്‍ എത്തിയത്.
മക്കള്‍: ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി), അബ്രാം (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടില്‍ പരേതനായ ജോസഫ് - റോസ്മേരി ദമ്പതികളുടെ മകനാണ്. തോംസണ്‍, ജോബി എന്നിവരാണ് സഹോദരങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബമായി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
ജോനസിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ലണ്ടനിലെ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും മലയാളി സമൂഹവും കുടുംബത്തിന് ഒപ്പമുണ്ട്. സംസ്കാരം നാട്ടില്‍ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കളും അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.