ഇംഗ്ലണ്ടിന്റെ സങ്കീര്‍ണ്ണമായ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികളെയും, ഇവരെ പരിചരിക്കുന്നവരെയും കുഴപ്പത്തിലാക്കുകയും, രോഗികളുടെ സ്ഥിതി മോശമാകാനും എന്‍എച്ച്എസ് വീഴ്ചകള്‍ വഴിയൊരുക്കുന്നുവെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയുടെ റിപ്പോര്‍ട്ട്.
ദീര്‍ഘകാല രോഗങ്ങള്‍ നേരിടുന്നവരുടെ ചികിത്സയില്‍ എന്‍എച്ച്എസും, കെയര്‍ ഓര്‍ഗനൈസേഷനുകളും പതിവായി വീഴ്ചകള്‍ വരുത്തുന്നതായാണ് കണ്ടെത്തല്‍. 41% മുതിര്‍ന്നവര്‍ക്കും, 17% കുട്ടികള്‍ക്കും ചുരുങ്ങിയത് ഒരു ദീര്‍ഘകാല ആരോഗ്യ പ്രശ്‌നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഹെല്‍ത്ത്, കെയര്‍ സിസ്റ്റത്തിലൂടെ മുന്നോട്ട് പോകാന്‍ കഴിയാത്ത രോഗികള്‍ കൂടുതല്‍ രോഗാതുരമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന്റെ ഫലമായി സുപ്രധാന അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുകയും, ചികിത്സ വൈകുകയോ, മറക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. ഇതോടെ കൂടുതല്‍ സങ്കീര്‍ണ്ണവും, ചെലവേറിയതുമായി ചികിത്സയും, ആശുപത്രിയില്‍ ദൈര്‍ഘ്യമേറിയ ദിനങ്ങളും ഇവര്‍ക്ക് ചെലവാക്കേണ്ടി വരികയും ചെയ്യുന്നു.
ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തില്‍ തങ്ങള്‍ക്ക് പരിഗണന ലഭിക്കാതെ വരുന്നതോടെ ശ്രമം ഉപേക്ഷിച്ച ജനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇത് രോഗികളുടെ ആരോഗ്യം കൂടുതല്‍ വഷളാക്കുന്നുവെന്ന് എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.