ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക്; പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍ക്കായി പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍. കഴിഞ്ഞ മാസം മുതല്‍ ബിന്‍ തൊഴിലാളികള്‍ തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തര്‍ക്കം അവസാനിപ്പിക്കാനാണ് കരാറിനായി വോട്ടെടുപ്പ് ആരംഭിക്കുക.
തൊഴിലാളി യൂണിയന്‍ കൗണ്‍സിലിന്റെ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നേരെയുള്ള അപമാനിക്കലും അക്രമവും പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ വ്യക്തമാക്കി. പുതിയ കരാര്‍ അംഗീകരിക്കാന്‍ ഉപപ്രധാനമന്ത്രി തൊഴിലാളികളെ ആഹ്വാനം ചെയ്തു.
ജനുവരി മുതല്‍ തുടങ്ങിയ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക് മാര്‍ച്ചോടെ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുത്തു. 17000 ടണ്‍ മാലിന്യമാണ് യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തില്‍ കെട്ടി കിടക്കുന്നത്.
വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ എന്ന തസ്തിക നീക്കം ചെയ്യാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്. ഈ തസ്തിക ഒഴിവാക്കുന്നത് വലിയ ശമ്പള കുറവിന് കാരണമാകുമെന്നു യൂണിയന്‍ ആരോപിക്കുന്നു.
പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തി പുതിയ കരാര്‍ അംഗീകരിക്കണമെന്ന് യൂണിയനോട് ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ ആവശ്യപ്പെട്ടു. മാലിന്യ കൂമ്പാരം എത്രയും പെട്ടെന്ന് നീക്കണണെന്നും പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ആഞ്ചല റെയ്‌നര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കരാര്‍ അംഗീകരിക്കണോയെന്ന് തൊഴിലാളികള്‍ തീരുമാനിക്കണമെന്നും വേട്ടെടുപ്പ് തിങ്കളാഴ്ച നടത്തുമെന്നും യുണൈറ്റിന്റെ ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു.