ലണ്ടന്‍: യുകെയിലേക്കുള്ള പ്രധാന വിസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യണ്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്.
വിദ്യാര്‍ഥി വിസയിലും കെയറര്‍ വിസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഗണ്യമായി കുറയാന്‍ കാരണം, മുന്‍ ടോറി സര്‍ക്കാര്‍ വിസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.
പോസ്റ്റ് സ്റ്റഡി വീസയും ഫാമിലി വിസയും പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പൊടുന്നനെ കുറഞ്ഞു. ഇതിനു പുറമേ, സ്കില്‍ഡ് വര്‍ക്കര്‍മാരുടെ വിസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി 38,700 പൗണ്ടായി ഉയര്‍ത്തിയത് കെയറര്‍ വിസകള്‍ക്കും മറ്റ് കീ വിസ റൂട്ടുകള്‍ക്കും വിനയായി.
ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. 2023-24ല്‍ 359,300 അപേക്ഷകളാണ് ഈ കാറ്റഗറിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാലിത് 2024-25ല്‍ കേവലം 80,700 ആയി കുറഞ്ഞു. 78 ശതമാനത്തിന്റെ കുറവ്. വിദ്യാര്‍ഥി വീസയിലെത്തിയവരുടെ ഫാമിലി വിസ അപേക്ഷകളും 83 ശതമാനം കുറഞ്ഞു.
ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാണെന്ന മുറവിളി ശക്തമായിരുന്നു. അതോടെയാണ് കെയറര്‍ വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോഴിതാ ജോലിയ്ക്കാളില്ലാത്ത സ്ഥിതിയാണ്. കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ലക്ഷക്കണക്കിന് പേരെയാണ് കൊണ്ടുവന്നത്. സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ വിസയിലേക്ക് മാറിയവരും ഉണ്ട്. എന്നാല്‍ വിസ പുതുക്കാനാകാതെ പലരും മേഖല വിട്ടു. ഇതോടെ ആളെ കിട്ടാനില്ലാത്ത അവസ്ഥയുമായി. സര്‍ക്കാരിന് തലവേദനയാകുകയാണ് പുതിയ പ്രതിസന്ധി.