ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ശമ്പളവര്‍ദ്ധന നിര്‍ദ്ദേശം നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തള്ളിക്കളഞ്ഞതോടെ ഇംഗ്ലണ്ടില്‍ അധ്യാപകരുടെ സമരത്തിന് സാധ്യത തെളിയുന്നു. 2.8% ശമ്പളവര്‍ദ്ധനയാണ് ഗവണ്‍മെന്റ് അധ്യാപകര്‍ക്കായി അനുവദിച്ചത്. എന്നാല്‍ 93.7 ശതമാനം പേരും ഈ നിര്‍ദ്ദേശം അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് തള്ളിക്കളഞ്ഞു.
പേ ഓഫര്‍ സ്വീകരിച്ചാല്‍ സ്‌കൂളുകള്‍ക്ക് ശമ്പളവര്‍ദ്ധനവിനുള്ള പണം നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ ബജറ്റുകള്‍ ഇപ്പോള്‍ തന്നെ അമിതസമ്മര്‍ദം നേരിടുകയാണെന്ന് യൂണിയന്‍ അവകാശപ്പെടുന്നു. മെച്ചപ്പെട്ട ഡീല്‍ നേടിയെടുക്കാന്‍ പണിമുടക്കിന് ഇറങ്ങാന്‍ തയ്യാറാണെന്ന് 83% അധ്യാപകരാണ് വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 134,487 അധ്യാപകരാണ് വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു പിന്‍മാറ്റത്തിന് സാധ്യതയില്ലെന്നാണ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ അധ്യാപക യൂണിയനുകള്‍ സമരത്തിന് ഇറങ്ങിയാല്‍ സ്‌കൂള്‍ ഹാജര്‍ നില വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പ്രതികരിച്ചു. കുട്ടികളെ മുന്നില്‍ നിര്‍ത്താനാണ് എന്‍ഇയുവിനോട് ഫിലിപ്‌സണ്‍ ആവശ്യപ്പെടുന്നത്.
വര്‍ഷങ്ങളായി നീളുന്ന വെട്ടിക്കുറവുകള്‍ പ്രൊഫഷനെ പ്രതിസന്ധിയിലാക്കിയെന്ന് എന്‍ഇയു ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറഞ്ഞു. ആവശ്യത്തിന് ഫണ്ട് നല്‍കാത്ത ഗവണ്‍മെന്റ് തീരുമാനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അധ്യാപക സമരം നടപ്പായാല്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളുമാണ് ഇതിന്റെ പ്രത്യാഘാതം നേരിടുക.