മാഞ്ചസ്റ്റര്‍ അരീനാ ബോംബിംഗിലെ കുറ്റവാളി ഹാഷെം അബേദി ജയിലില്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രവാദി അക്രമങ്ങളിലെ കുറ്റവാളികളില്‍ ഒരാളാണ് ഇയാള്‍. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും, കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൗണ്ടി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ ഓഫീസര്‍മാര്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരുക്കുകളാണ് ഏറ്റതെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 2017 ചാവേര്‍ അക്രമണം നടത്താന്‍ സഹോദരനെ സഹായിച്ച 28-കാരനായ അബേദി തിളപ്പിച്ച പാലക എണ്ണ ഓഫീസര്‍മാര്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു. കൂടാതെ സ്വയം തയ്യാറാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.
ഒരു തടവുകാരന്റെ അക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഓഫീസര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രിസണ്‍ സര്‍വ്വീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീക്കും, രണ്ട് പുരുഷന്‍മാര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.
സഹജീവനക്കാര്‍ക്ക് ഏറ്റ ഗുരുതരമായ പരുക്ക് മറ്റ് ജയില്‍ജീവനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ നേരിടുമ്പോള്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് ചോദ്യമാണ് ഓഫീസര്‍മാര്‍ക്കിടയില്‍ ഉയരുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. അബേദിയുടെ സഹോദരന്‍ സല്‍മാന്‍ അബേദി നടത്തിയ ചാവേര്‍ അക്രമത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 55 വര്‍ഷത്തെ ശിക്ഷയാണ് അബേദി അനുഭവിച്ച് വരുന്നത്.