യു.കെ.വാര്‍ത്തകള്‍

കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടതിന് അമ്മയ്ക്ക് കോടതിയുടെ പിഴ ശിക്ഷ; യുകെ മലയാളികള്‍ ജാഗ്രതൈ!

നാട്ടില്‍ അവധിയ്ക്ക് പോകുന്ന മലയാളി കുടുംബങ്ങള്‍ കുട്ടികളുടെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമാകുന്നില്ലെന്നു ഉറപ്പാക്കിയില്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നത് കോടതി കയറുന്ന സ്ഥിതിയിലെത്തിയതോടെയാണിത്. ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളില്‍ ഹാജരായതിന് അമ്മയെ കോടതിയില്‍ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള ഒരു സ്ത്രീക്കാണ് കോടതിയില്‍ ഹാജരായി പിഴ അടയ്ക്കേണ്ടി വന്നത്. തന്റെ മകളുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് സ്കൂളില്‍ ഹാജരാകാതിരുന്നത് എന്ന് കോടതിയില്‍ വാദിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.

നിയമപരമായ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ട്രാവല്‍ ഏജന്‍സിയിലെ പ്രശ്നങ്ങള്‍ മൂലമാണ് കുടുംബത്തിന്റെ അവധിക്കാല യാത്ര വൈകിയതെന്ന് കുട്ടിയുടെ അമ്മ നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിനോട് പറഞ്ഞു. ഇതിന്റെ ഫലമായി 2024 ജൂണില്‍ ഇവരുടെ മകള്‍ക്ക് രണ്ട് ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.

കുട്ടിയുടെ അമ്മയ്ക്ക് 60 പൗണ്ട് പിഴയാണ് ചുമത്തിയത് . തന്റെ കുട്ടി സ്ഥിരമായി സ്കൂളില്‍ പോകുന്ന ആളാണെന്നും തികച്ചും അവിചാരിതമായി ആണ് സ്കൂളില്‍ ഹാജരാകാതിരുന്നതെന്നും കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജൂണ്‍ 5 ന് കുടുംബവുമായി ബന്ധപ്പെടാന്‍ സ്കൂള്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും വിളിച്ചപ്പോള്‍ ഒരു അന്താരാഷ്ട്ര ഡയല്‍ ടോണ്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നും കോടതി കേട്ടു. കുടുംബം വിദേശത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അമ്മ ഒടുവില്‍ സ്കൂളിനെ അറിയിച്ചു. പിഴയ്ക്ക് പുറമേ, അമ്മ 264 പൗണ്ട് സര്‍ചാര്‍ജും 93 പൗണ്ട് തദ്ദേശ സ്വയംഭരണ ചെലവുകളും നല്‍കണം.

ഓരോ വര്‍ഷവും അനധികൃതമായി സ്കൂളുകളില്‍ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളില്‍ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളില്‍ നിന്നു മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പല ക്രിമിനല്‍ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയില്‍ പെടുന്ന ദുരിത സംഭവവും കുറവല്ല. സ്കൂളുകള്‍ക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികള്‍ ഉണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറല്‍ സെക്രട്ടറി പെപ്പെ ഡി എന്റെ ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജന്‍സികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളുടെ ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയില്‍ നിലവിലുണ്ട്. സെപ്റ്റംബറില്‍, ഇംഗ്ലണ്ടിലെ സ്കൂള്‍ ഹാജര്‍ പിഴകള്‍ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോള്‍ 160 പൗണ്ടാണ് പിഴ. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിന് വേഗത്തില്‍ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ആഹ്വാനം ചെയ്തിരുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions