ഇംഗ്ലണ്ടിലെ 750 സ്കൂളുകളില്‍ അടുത്തയാഴ്ച മുതല്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്
ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
തുടക്കം വിജയകരമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ 30 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം വേണ്ടിവരിക.
അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 30 മില്യണ്‍ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ തുകയാകില്ലെന്നാണ് ടീച്ചേഴ്സ് യൂണിയനും ഹെഡ്ടീച്ചേഴ്സ് യൂണിയനും ചൂണ്ടിക്കാട്ടുന്നത്.
ദിവസം അരമണിക്കൂര്‍ വീതം കണക്കാക്കുമ്പോള്‍ ഒരു അധ്യയന വര്‍ഷം 95 മണിക്കൂര്‍ ചൈല്‍ഡ് കെയറും മാതാപിതാക്കള്‍ക്ക് പരോക്ഷമായി പദ്ധതിയിലൂടെ ലഭിക്കും. ഇത്തരത്തില്‍ ഓരോ രക്ഷിതാവിനും 450 പൗണ്ട് ലാഭിക്കാനാകുമെന്നാണ് എജ്യൂക്കേന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തിലെ 750 സ്കൂളുകള്‍ക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഗൈഡന്‍സും സെറ്റപ്പ് പേയ്മെന്റും നല്‍കിക്കഴിഞ്ഞു. 50 ശതമാനം കുട്ടികളുടെ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പുവരുത്തുന്ന സ്കൂളിന് പ്രതിവര്‍ഷം 23,000 പൗണ്ട് അലവന്‍സലായി ലഭിക്കും.
കുട്ടികളുടെ കൊഴിഞ്ഞുപോക്കു വലിയ വിളിയായി മാറിയിരിക്കുന്ന സമയത്താണ് സൗജന്യ ബ്രേക്ക്ഫാസ്റ്റ് പദ്ധതി വരുന്നത്.