ബ്രസ്റ്റ് കാന്‍സര്‍ വന്ന് സുഖം പ്രാപിച്ചവര്‍ക്ക് രോഗം വീണ്ടും വരാതിരിക്കാന്‍ സഹായിക്കുന്ന മരുന്നിന് എന്‍എച്ച്എസ് അംഗീകാരം
യുകെയില്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന രോഗികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്ത. ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിന്റെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മരുന്നിന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നല്‍കിയിരിക്കുകയാണ്.
ഒരിക്കല്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെട്ടവര്‍ക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ഈ മരുന്നിന്റെ ഉപയോഗം മെഡിസിന്‍ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തില്‍ 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബ്രസ്റ്റ് കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ 68 ശതമാനം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ (IARC) ഏറ്റവും പുതിയ വിശകലനം പറയുന്നു. യുകെയില്‍, സ്തനാര്‍ബുദ നിരക്ക് ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോള്‍ കിസ്‌കാലി എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയിലും വിഭജനത്തിലും പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാന്‍ ഈ മരുന്ന് ഫലപ്രദമാണ്. ഇത് ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നു. ശരീരത്തിലെ ഇസ്ട്രജന്റെ അളവ് കുറയ്ക്കുന്ന ഹോര്‍മോണ്‍ തെറാപ്പിയായ അരോമാറ്റേസ് ഇന്‍ഹിബിറ്ററിനൊപ്പം മരുന്ന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.