തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിലില്‍. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു.
ആദ്യ സംഭവം രാത്രി 9.30ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനിലേക്ക് പോകുകയായിരുന്ന വയോധികന് നേരെയായിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നു.ഒരു മണിക്കൂറിന് ശേഷം രാത്രി 11 മണിയോടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് എറിത്തിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയ്‌നിലും വയോധികന് നേരെ അക്രമം നടത്തി.
പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു. സഹായിക്കാനെത്തിയ മറ്റൊരു സ്ത്രീ യാത്രക്കാരിയേയും അക്രമി ആക്രമിച്ചു. ഈ രണ്ട് സംഭവത്തിലും ഒരു സംഘം തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്
അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അഭ്യര്‍ത്ഥിച്ചു.