യുകെയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന. ആംബുലന്‍സ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങള്‍ റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെയാണ് ഈ ആശങ്ക വ്യാപിക്കുന്നത്. ഗുരുതരമായ അക്രമങ്ങളും, കൈയ്യേറ്റങ്ങളും, ചൂഷണശ്രമങ്ങളും ഉള്‍പ്പെടെയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.
ഈ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ മേധാവികള്‍ സമ്മതിക്കുന്നു. 2024-25 വര്‍ഷത്തില്‍ പാരാമെഡിക്കുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 22,536 ആണ്. 2023-24 വര്‍ഷത്തെ 19,633 കേസുകളില്‍ നിന്നും 15 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത് പ്രകാരം ഓരോ ആഴ്ചയും 999 കോളുകളോട് പ്രതികരിക്കുന്ന പാരാമെഡിക്കുകളില്‍ 433 പേര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു. അടി, ഇടി, ചവിട്ട്, തലകൊണ്ട് ഇടിപ്പിക്കല്‍, തുപ്പല്‍, ലൈംഗിക അതിക്രമം, അസഭ്യം വിളിക്കല്‍ തുടങ്ങിയവയ്ക്കാണ് ആംബുലന്‍സ് ജീവനക്കാര്‍ ഇരകളാകുന്നത്.
എന്നാല്‍ ഈ കണക്കുകള്‍ക്ക് അപ്പുറമാണ് യഥാര്‍ത്ഥ സംഭവങ്ങളെന്ന് സീനിയര്‍ ആംബുലന്‍സ് അധികൃതര്‍ പറയുന്നു. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. വനിതാ പാരാമെഡിക്കുകളും, വനിതാ ആംബുലന്‍സ് ജീവനക്കാരുമാണ് പൊതുജനങ്ങളില്‍ നിന്നും കൂടുതലായി അക്രമം നേരിടുന്നത്.