കാല്‍നടക്കാര്‍ സൈക്കിളിടിച്ച് മരിച്ചാല്‍ ജീവപര്യന്തം; പുതിയ നിയമവുമായി ഇംഗ്ലണ്ട്
കാല്‍നട യാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ സൈക്കിര്‍ ഓടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം ഇംഗ്ലണ്ടിലും നിലവില്‍ വരുന്നു അപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുകയാണെങ്കില്‍ സൈക്കിള്‍ ഓടിക്കുന്നയാള്‍ക്ക് ജീവപര്യന്തം തടവ് ലഭിക്കും. നേരത്തെ അപകടകരമായതോ അശ്രദ്ധമായതോ ആയ സൈക്ലിംഗ് നടത്തുന്നവര്‍ക്ക് സാധാരണയായി പരമാവധി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമായ ശിക്ഷയാണെന്ന വിമര്‍ശനം ശക്തമായിരുന്നു.
നിലവിലെ നിയമം 1860 ലേതാണ് . കൂടുതല്‍ കുറ്റമറ്റ നിയമനിര്‍മ്മാണം ഗതാഗത സെക്രട്ടറിയായ ഹെയ്ഡി അലക്സാണ്ടറിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന ചെയ്തത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി നിരവധി തലങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു വന്നിരുന്നു. കാല്‍നടയാത്രയ്ക്കിടെ സൈക്കിള്‍ ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിരന്തരമായി ഇതിനായി പ്രചാരണം നടത്തിയിരുന്നു. 2016 -ല്‍ സൈക്കിള്‍ ഇടിച്ച് കൊല്ലപ്പെട്ട 44 വയസ്സുകാരനായ കിമ്മിന്റെ ഭാര്യ മാറ്റ് ബ്രിഗ്സ് അവരില്‍ പ്രധാനിയാണ്. കിമ്മിന്റെ മരണത്തിന് തൊട്ടടുത്ത വര്‍ഷം തന്നെ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനായി അവര്‍ പ്രചാരണം ആരംഭിച്ചു.
എന്നാല്‍ പുതിയ ഭേദഗതികളെ ചില സൈക്കിള്‍ യാത്രക്കാര്‍ വിമര്‍ശിച്ചു. പുതിയ നിയമങ്ങള്‍ ആളുകളെ സൈക്കിള്‍ ചവിട്ടുന്നതില്‍ നിന്ന് തടയുമെന്ന് മുന്‍ ഒളിമ്പിക് സൈക്ലിസ്റ്റും ഇംഗ്ലണ്ടിലെ നാഷണല്‍ ആക്റ്റീവ് ട്രാവല്‍ കമ്മീഷണറുമായ ക്രിസ് ബോര്‍ഡ്മാന്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി കൂടുതല്‍ ആളുകള്‍ സൈക്കിള്‍ സഞ്ചരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ലേബര്‍ സര്‍ക്കാര്‍ പിന്‍തുടരുന്നത്. അപകടകരമായ സൈക്ലിംഗ് പൂര്‍ണ്ണമായും അസ്വീകാര്യമാണെന്നും റോഡുകളുടെ സുരക്ഷ ഈ സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണ് എന്നും ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ക്രൈം ആന്‍ഡ് പോലീസ് ബില്ലിന്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്.