വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന യുകെയിലെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ വന്‍ തിരിച്ചുവരവ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനവ് ആണ് ചില്ലറ വില്‍പനയുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പന വര്‍ധിക്കുന്നതിന് നല്ല കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് ജനുവരിക്കും മാര്‍ച്ചിനും ഇടയിലുള്ള റീറ്റെയില്‍ സെയില്‍സ് ആണ് കുതിച്ചുയര്‍ന്നത്. വില്‍പനയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ 1.6 ശതമാനമാണ് ഉയര്‍ന്നത് . ഇത് ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വര്‍ധനവാണ്. മാര്‍ച്ചിലെ തെളിവാര്‍ന്ന കാലാവസ്ഥ പല സാധനങ്ങളുടെയും ഡിമാന്‍ഡ് കൂട്ടിയതാണ് റീറ്റെയില്‍ സെയില്‍സ് വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഭക്ഷ്യ വില്‍പനയുടെ അളവ് കുറഞ്ഞതായി ഒ എന്‍ എസിന്റെ കണക്കുകള്‍ കാണിക്കുന്നു.
എന്നാല്‍ തുടര്‍ മാസങ്ങളില്‍ വില്‍പന കുറയാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഏപ്രിലില്‍ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മാര്‍ച്ചില്‍ 0.4 ശതമാനം വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത് 0.4 ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. വസ്ത്ര, ഷൂ സ്റ്റോറുകള്‍ ഏറ്റവും ശക്തമായ വളര്‍ച്ച കൈവരിച്ചു, മുന്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പന 3.7% ഉയര്‍ന്നു.