ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാക് സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി. ആര്‍മി അറ്റാഷെ കേണല്‍ തൈമൂര്‍ റാഹത്ത് ആണ് ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തറക്കുമെന്ന് ആംഗ്യം കാണിച്ചത്. പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം കാണിക്കലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പാകിസ്താന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് എഴുതിയ ബാനര്‍ കെട്ടിടത്തില്‍ കെട്ടിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പതിച്ച ബോര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
ജനങ്ങള്‍ ദുഃഖത്തിലായിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംഗീതം വച്ചതിലും പാക് സൈനിക ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രവൃത്തിയിലും പ്രതിഷേധക്കാര്‍ അപലപിച്ചു. നീതിക്കു വേണ്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഉച്ചത്തില്‍ സംഗീതം വച്ച പാക് അധികൃതരുടെ നടപടി അപമാനകരമാണ്. ലോകം ദുഖിക്കുമ്പോള്‍ എംബസിയുടേത് മാന്യതയില്ലാത്ത നടപടിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക വിശദീകരണം തേടണമെന്ന് യുകെ ഭരണകൂടത്തോട് ഇന്ത്യന്‍ സമൂഹം ആവശ്യപ്പെട്ടു. യുകെയിലെ 500 ഓളം വരുന്ന ഇന്ത്യക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇന്ത്യന്‍ പതാകയും ബാനറുകളും പ്ലക്കാര്‍ഡും പിടിച്ചായിരുന്നു പ്രതിഷേധം.