ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ച നഴ്‌സിന് 9 വര്‍ഷം ജയില്‍ശിക്ഷ, 2023 ഫെബ്രുവരി 22 ന് ലീഡ്‌സില്‍ ബസ് കാത്തുനില്‍ക്കവേ മലയാളി വിദ്യാര്‍ത്ഥിനിയായ ആതിര അനില്‍കുമാര്‍ (25) കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ അമിത വേഗത്തില്‍ കാറോടിച്ചിരുന്ന നഴ്‌സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. റോമീസ അഹമ്മദ് എന്ന 27 കാരിയ്ക്ക് ലീഡ്‌സ് ക്രൗണ്‍ കോടതി 9 വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ചത് മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിങ്ങിലൂടെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു.
ഈ സംഭവ ശേഷവും പ്രതിക്ക് വേഗത്തില്‍ വാഹനം ഓടിച്ചതിന് രണ്ടുതവണ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. അപകട സമയത്ത് പ്രതി സ്‌നാപ് ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 40 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ കാര്‍ ഓടിച്ചിരുന്നത് 60 മൈല്‍ സ്പീഡിലായിരുന്നു.അപകടത്തില്‍ 42 കാരനായ മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.
ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍കുമാര്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കവേയാണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്. മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ശേഖറാണ് ആതിരയുടെ ഭര്‍ത്താവ്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുമ്പാണ് ആതിര പഠനത്തിനായി ലീഡ്‌സില്‍ എത്തിയത്.