ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ കുറഞ്ഞത് ആറ് മാസം കാക്കേണ്ട സ്ഥിതി/ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ വെബ്‌സൈറ്റില്‍ കയറി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുന്നവര്‍ക്ക് അനന്തമായ കാത്തിരിപ്പാണ് ലഭിക്കുക.
കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തന്നെ ടെസ്റ്റ് നടത്താന്‍ ആകാത്തതിനാല്‍ പലരും എന്ന് ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കും എന്നറിയാതെ വലയുകയാണ്. ചിലരെങ്കിലും പണം മുടക്കി സ്ലോട്ടുകള്‍ ലഭ്യമാകുമ്പോള്‍ അറിയിപ്പ് തരുന്ന ആപ്പുകള്‍ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്.
യുകെയിലെ 319 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം 22 ആഴ്ചകളാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുക്കാല്‍ പങ്ക് കേന്ദ്രങ്ങളിലും ഇത് 24 ആഴ്ചകള്‍ വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 വേനല്‍ക്കാലത്തോടെ ഇത് ഏഴ് ആഴ്ചകളില്‍ താഴെയായി കുറച്ചുകൊണ്ടുവരും എന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ വാഗ്ദാനം പറയുന്നത്. എന്നാല്‍, ഇത് 2025 അവസാനത്തോടെ നടപ്പാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിനെക്കാള്‍ ക്ലേശകരമാണ് അതിനുള്ള സ്ലോട്ട് ലഭിക്കുക എന്നത് എന്നാണ് ചില പരിശീലകര്‍ പറയുന്നത്. ഡ്രൈവിംഗ് പഠിക്കുന്ന പലരും ടെസ്റ്റ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നു എന്നതാണ് സ്ലോട്ടുകള്‍ ലഭിക്കാന്‍ തടസം നേരിടുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്. എന്നാല്‍, തിയറി ടെസ്റ്റിന്റെ കാലാവധി തീരുമെന്ന ആധിയിലാണ് പലരും ടെസ്റ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നത്. ലൈസന്‍സ് എടുക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുന്നതും കാലതാമസം വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് കാലത്ത് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതാണ് തിരക്ക് കൂടാന്‍ മറ്റൊരു കാരണം.