യുകെയില്‍ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇന്ന്. പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 1,641 കൗണ്‍സിലര്‍മാരെയും 6 മേയര്‍മാരെയുമാണ് തിരഞ്ഞെടുക്കുന്നത്. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്.
കേംബ്രിഡ്ജ്ഷയര്‍, ഡെര്‍ബിഷയര്‍, ഡെവണ്‍, ഗ്ലോസെസ്റ്റര്‍ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, കെന്റ്, ലങ്കാഷയര്‍, ലെസ്റ്റര്‍ഷയര്‍, ലിങ്കണ്‍ഷയര്‍, നോട്ടിങ്ങാംഷയര്‍, ഓക്സ്ഫഡ്ഷയര്‍, സ്റ്റാഫോര്‍ഡ്ഷയര്‍, വാര്‍വിക് ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍ എന്നീ കൗണ്ടി കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടക്കുക.
ബക്കിങ്ങാംഷയര്‍, കോണ്‍വാള്‍, കൗണ്ടി ഡര്‍ഹാം, നോര്‍ത്ത് നോര്‍ത്താംപ്ടണ്‍ഷയര്‍, നോര്‍ത്തംബര്‍ലാന്‍ഡ്, ഷ്രോപ്ഷയര്‍, വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയര്‍, വില്‍റ്റ്ഷയര്‍ എന്നീ യൂണിറ്ററി അതോറിറ്റീസ് കൗണ്‍സിലുകളിലേക്കും ഡോണ്‍കാസ്റ്റര്‍ മെട്രോപൊളിറ്റന്‍ ജില്ല കൗണ്‍സിലേക്കും തിരഞ്ഞെടുപ്പ് നടക്കും. വെസ്റ്റ് ഇംഗ്ലണ്ട്, കേംബ്രിജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ, നോര്‍ത്ത് ടൈനെസൈഡ്, ഡോണ്‍കാസ്റ്റര്‍, ഗ്രേറ്റര്‍ ലിങ്കണ്‍ഷെയര്‍, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളില്‍ ആണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഐല്‍സ് ഓഫ് സില്ലി കൗണ്‍സിലിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കൗണ്‍സില്‍ തിരഞ്ഞെടുപ്പിനൊപ്പം റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗത്തിനായുള്ള തിരഞ്ഞെടുപ്പും നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന 23 കൗണ്‍സിലുകളിര്‍ 19 എണ്ണം നിയന്ത്രിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആണെങ്കിലും ഇത്തവണ കനത്ത പരാജയം ഉണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. 700ല്‍പ്പരം സിറ്റിങ് സീറ്റുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടപ്പെടും എന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള റിഫോം യുകെയുടെ ശക്തമായ സാന്നിധ്യമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുന്നത്.
സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിയും കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ കൗണ്‍സിലര്‍മാരെ നേടിയ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ചിലയിടങ്ങളില്‍ സാന്നിധ്യം അറിയിച്ച് മത്സര രംഗത്തുണ്ട്. പ്രാദേശിക കൗണ്‍സിലുകളുടെ വിപുലമായ അഴിച്ചുപണിയുടെ ഭാഗമായി ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ്, എസെക്സ്, തുറോക്ക്, ഹാംഷെയര്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ഫോക്ക്, സഫോക്ക്, സറെ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ 2026 ലെ നടക്കുകയുള്ളു.