ഇംഗ്ലണ്ടില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കവേ രോഗിയുടെ ഫയലില്‍ തെറ്റുകളും കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
രോഗം, ഉപയോഗിക്കുന്ന മരുന്നുകള്‍, നല്‍കിയിട്ടുള്ള ചികിത്സകള്‍ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങളിലാണ് പിശകുകള്‍ കടന്നുകൂടുന്നത്. ഈ മണ്ടത്തരങ്ങള്‍ മൂലം രോഗികള്‍ക്ക് ഡയഗനോസ്റ്റിക് ടെസ്റ്റുകളും, ചികിത്സകളും നിഷേധിക്കപ്പെടുകയോ, പരിചരണം ലഭ്യമാകാതെ പോകുകയോ, ആവശ്യമില്ലാത്ത മരുന്നുകള്‍ നല്‍കപ്പെടുകയോ ചെയ്യുന്നുവെന്നും എന്‍എച്ച്എസ് വാച്ച്‌ഡോഗ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ചില രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ ചരിത്രത്തില്‍ ഒരിക്കലും ബാധിച്ചിട്ടില്ലാത്ത രോഗങ്ങള്‍ പോലും ഇടംപിടിച്ചുവെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു. അടിസ്ഥാന കാര്യങ്ങളെങ്കിലും ശരിയാക്കാനാണ് ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് എന്‍എച്ച്എസിന് നല്‍കുന്ന ഉപദേശം. ജീവനക്കാര്‍ രോഗികളുടെ വിവരങ്ങളും, ചികിത്സകളും രേഖപ്പെടുത്തുമ്പോള്‍ കൃത്യമായിരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇംഗ്ലണ്ടിലെ 1800 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 23% പേര്‍ക്കും തങ്ങളുടെ മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടിയതായി അനുഭവം നേരിട്ടതായി കണ്ടെത്തി. പേരും, ജനനതീയതിയും ഉള്‍പ്പെടെ തെറ്റുന്നുണ്ട്. എന്നാല്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തെറ്റിപ്പോകുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഹെല്‍ത്ത്‌വാച്ച് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.