എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള ശമ്പളവര്‍ദ്ധനവുകള്‍ നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരുമെന്ന് ട്രഷറി. ഇതോടെ സമരനടപടികള്‍ പടരും . ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള വ്യത്യസ്ത സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ശമ്പളവര്‍ദ്ധന ഓഫറാണ് മുന്നോട്ട് വെയ്ക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധനയ്ക്ക് സഹായിക്കുന്ന അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് എന്‍ഇയു, എന്‍എഎസ്‌യുഡബ്യുടി അധ്യാപക യൂണിയനുകള്‍ ഭീഷണി മുഴക്കി. ഫ്രണ്ട്‌ലൈനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ശമ്പളം പറ്റേണ്ടി വരുന്നത് സ്വീകരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും മുന്നറിയിപ്പ് നല്‍കി.
ശമ്പളവര്‍ദ്ധനയ്ക്കായി അധിക തുക കടമെടുത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ട്രഷറി നിലപാട് യഥാര്‍ത്ഥത്തില്‍ മറ്റ് ബജറ്റുകളില്‍ നിന്നും പണം ലാഭിക്കേണ്ട അവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. മുന്‍പ് പേ റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിക്കുന്ന വര്‍ദ്ധനവുകള്‍ അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ചിലപ്പോള്‍ ആ പതിവ് തെറ്റിച്ചേക്കാമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.
എന്നിരുന്നാലും ശമ്പളവര്‍ദ്ധനയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കാതിരിക്കുന്നത് രാഷ്ട്രീയ നഷ്ടം സൃഷ്ടിക്കുമെന്ന് ഗവണ്‍മെന്റ് തലത്തില്‍ വര്‍ത്തമാനമുണ്ട്. മുന്‍ ടോറി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ ഏറ്റവും കൂടുതല്‍ തകര്‍ത്തത് ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ നടത്തിയ സമരങ്ങളാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ യൂണിയന്‍ ആവശ്യങ്ങള്‍ നിരസിച്ച ടോറികള്‍ക്ക് ഭരണം നഷ്ടമാകുകയാണ് ചെയ്തത്. ഈ ഘട്ടത്തില്‍ ഒരു തിരിച്ചടിയായി പ്രതിസന്ധി വളരുന്നത് എങ്ങെന ഒഴിവാക്കാമെന്ന് ലേബര്‍ ഗവണ്‍മെന്റിനും ആലോചിക്കേണ്ടതായി വരും.
എന്‍എച്ച്എസ് ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് സമരം ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ആവശ്യം, ഇതിനായി എന്‍എച്ച്എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ രീതിയില്‍ പ്രവര്‍ത്തിച്ചതാണ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഡോക്ടര്‍മാരും, നഴ്‌സുമാരും ഫ്രണ്ട്‌ലൈനിലാണ് നില്‍ക്കേണ്ടത്, അല്ലാതെ പിക്കറ്റ് ലൈനിലല്ല, സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.