നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യു കെ മലയാളി അന്തരിച്ചു
ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിയ്ക്ക് വിമാനത്തില്‍ വച്ച് ആകസ്മിക മരണം. ബേസിംഗ്സ്‌റ്റോക്ക് മലയാളികളുടെ പ്രിയ അച്ചായന്‍ എന്നറിയപ്പെടുന്ന ഫിലിപ്പ് കുട്ടിയ്ക്കാണ് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം സംഭവിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു കഴിഞ്ഞ ദിവസം രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു.
മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബേസിംഗ്സ്റ്റോക് മലയാളികളുടെ പ്രിയപ്പെട്ട അച്ചായനായി നിറഞ്ഞു നിന്ന ഫിലിപ്പ് കുട്ടിയുടെ വിയോഗം മലയാളി സമൂഹത്തിനു വലിയ വേദനയാവുകയാണ്.
നാട്ടില്‍ കോട്ടയം ചിങ്ങവനം കൊണ്ടൂര്‍ സ്വദേശിയാണ് ഫിലിപ്പ് കുട്ടി. ബേസിങ്‌സ്റ്റോക്കിലെ ഹോസ്പിറ്റലില്‍ തിയേറ്റര്‍ നഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടര്‍ ആയ മകള്‍ റിച്ചുവും ഭര്‍ത്താവും ഓസ്ട്രേലിയയില്‍ ആണ്. സക്കറിയ ആണ് മകന്‍. പുല്ലരിക്കുന്നിലെ കടവില്‍ സൂസമ്മ എബ്രഹാ (76) മാണ് ഭാര്യാ മാതാവ്. അവരുടെ മരണ വിവരമറിഞ്ഞ് പോയ ഫിലിപ്പ് കുട്ടിയും മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ടു വേര്‍പാടുകള്‍ക്ക് കണ്ണീര്‍ പൊഴിക്കുകയാണ് കുടുംബം.