യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പോലീസ് റെയ്ഡില്‍ അഞ്ച് പുരുഷന്‍മാരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നാല് പേര്‍ ഇറാന്‍കാരാണ്. 29 വയസ്സുകാരായ രണ്ട് പേരെ സ്വിന്‍ഡണ്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. 46-കാരനെ വെസ്റ്റ് ലണ്ടനില്‍ നിന്നും, 40-കാരനെ റോച്ച്‌ഡേലില്‍ നിന്നും അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.
പിടിയിലായ അഞ്ചാമനെ മാഞ്ചസ്റ്റര്‍ മേഖലയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. നാല് പേര്‍ ഇറാനികളാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ച് പേര്‍ക്കും എതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരുക്കം കൂട്ടുകയായിരുന്നുവെന്നാണ് വിവരം.
മെറ്റ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവര്‍ എന്ത് തരം അക്രമത്തിനാണ് ശ്രമിച്ചത്, ഉദ്ദേശം എന്തായിരുന്നു തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും കമ്മാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടോയെന്നും തിരിച്ചറിയാനുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും, ഏതെങ്കിലും സംശയകരമായ വിഷയം കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് നിര്‍ദ്ദേശം. പ്രാദേശിക പോലീസ് വിഭാഗങ്ങളുടെ കൂടി പിന്തുണയോടെയാണ് റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്. എത്രത്തോളം ഗുരുതരമായ അക്രമങ്ങള്‍ക്കാണ് ഭീകരര്‍ ഒരുക്കം നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.