യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും വിജയം. എറണാകുളം എളമക്കര സ്വദേശിയായ അഡ്വ. ദിലീപ് കുമാര്‍ ആണ് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലിലെ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡില്‍ നിന്നും ഇത്തവണ കൗണ്‍സിലര്‍ ആയി വിജയിച്ചത്. 2021ല്‍ ഇതേ കൗണ്‍സിലിലെ സെന്റ് ഡേവിഡ്സ് വാര്‍ഡില്‍ നിന്നായിരുന്നു ആദ്യ വിജയം.
മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡിലെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളായാണ് വിജയം. വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികളാണ്. 555 വോട്ടുകളാണ് ദിലീപ് കുമാര്‍ നേടിയത്. ഒന്നാമത് വിജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി 625 വോട്ട് നേടിയപ്പോള്‍ 555 വോട്ടുമായി ദിലീപ് കുമാര്‍ മികച്ച പ്രകടനമാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാഴ്ച വെച്ചത്.
പാരിഷ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും നാട്ടിലെ പോലെ വീടുകള്‍ കയറി ഇറങ്ങി നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചാണ് ദിലീപ് കുമാര്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. അതിനാലാണ് കൂടുതല്‍ വോട്ടുകള്‍ നേടാനായതും വാര്‍ഡ് മാറി മത്സരിച്ചിട്ടും പാരിഷ് കൗണ്‍സിലില്‍ ജയിക്കാന്‍ ആയതും. കണ്‍സര്‍വേറ്റീവ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയിക്കുന്ന റിഫോം യുകെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നോര്‍ത്താംപ്ടണ്‍ഷയറില്‍ ലേബര്‍ വോട്ടുകളിലാണ് വിള്ളല്‍ ഉണ്ടാക്കിയത്.
76 കൗണ്‍സിലര്‍മാരുള്ള നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്ടി കൗണ്‍സിലില്‍ റിഫോം യുകെ - 42, കണ്‍സര്‍വേറ്റീവ് - 17, ലേബര്‍ പാര്‍ട്ടി - 9, ലിബറല്‍ ഡെമോക്രാറ്റിക്ക് - 6, ഇന്‍ഡിപെന്റ്സ് - 2 എന്നീ നിലയിലാണ് സീറ്റുകള്‍ നേടിയത്. കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലില്‍ ദിലീപ് കുമാര്‍ അംഗമായുള്ള ലേബര്‍ പാര്‍ട്ടി തന്നെ ഭരണം നിയന്ത്രിച്ചേക്കും. ലേബര്‍ പാര്‍ട്ടി - 8, കണ്‍സര്‍വേറ്റീവ് - 6, ഗ്രീന്‍ പാര്‍ട്ടി - 1, ലിബറല്‍ ഡെമോക്രാറ്റിക്ക് - 1 എന്നിങ്ങനെയാണ് കക്ഷിനില.
2009ല്‍ യുകെയില്‍ എത്തിയ ദിലീപ് കുമാര്‍ 2012ലാണ് ലേബര്‍ പാര്‍ട്ടി അംഗമാകുന്നത്. നിലവില്‍ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം എബിഎസ് ലോയേഴ്സ് ലിമിറ്റഡിലാണ് സോളിസിറ്ററായി പ്രവര്‍ത്തിക്കുന്നത്. എന്‍എച്ച്എസില്‍ നഴ്സായ നിവിയാണ് ഭാര്യ. നിവേക്, ദേവക് എന്നിവരാണ് മക്കള്‍.