ന്യൂകാസിലില്‍ ലേബര്‍ ടിക്കറ്റില്‍ എതിരില്ലാതെ മൂന്നാം തവണയും കൗണ്‍സിലറായി അങ്കമാലി സ്വദേശി
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി ഒരു മലയാളി. എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്‌നേഷ്യസ് വര്‍ഗീസ് ആണ് ഈ അഭിമാനര്‍ഹമായ നേട്ടത്തിന് ഉടമയായത്. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്‌നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്.
2014ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്‌നേഷ്യസ് വര്‍ഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്നും നോമിനേഷന്‍ നല്‍കുന്നത്. സ്വന്തം വീട് നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ് മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ വിജയിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വര്‍ഗീസ് തല്‍സ്ഥിതി തുടര്‍ന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ ഇന്നിപ്പോൾ കാസില്‍ഫീല്‍ഡ് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് നിന്നാണ് ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മറ്റ് തിരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നത്. 2014ല്‍ റോയല്‍ മെയിലിലെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ലേബര്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാന്‍ കാരണമായത്.
മലയാളികള്‍ അധികമില്ലാത്ത ഇവിടെ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്‌നേഷ്യസ് വര്‍ഗീസിനെ എതിരില്ലാതെ വിജയിക്കാന്‍ സഹായിക്കുന്നുണ്ട്. 15 കൗണ്‍സിലര്‍മാര്‍ ഉള്ള കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബര്‍ പാര്‍ട്ടി 8, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില.
നാട്ടിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്ന ഇഗ്‌നേഷ്യസ് വർഗീസിന്റെ യുകെയിലെ പൊതുപ്രവർത്തനത്തിന് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. എൻഎച്ച്എസിൽ സ്പെഷലിസ്റ്റ് നഴ്സായി ജോലി ചെയ്യുന്ന ഷിജി ഇഗ്‌നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കൾ.
ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവര്‍ത്തനങ്ങളിലും ഇഗ്‌നേഷ്യസ് വര്‍ഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.