ഫാമിലി വിസയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ യുകെയില്‍ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലാണ്. യുകെയിലേക്ക് കെയര്‍വര്‍ക്കര്‍മാരുടെ വരവ് കുറഞ്ഞു. പങ്കാളിയേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ജോലി തേടുകയാണ് പലരും. ജീവനക്കാരില്ലാത്തതിനാല്‍ കെയര്‍ ഹോം പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഫാമിലി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത്.
2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ നിയമം നിലവില്‍ വന്ന് 2025 മാര്‍ച്ച് വരെയുള്ള കണക്കില്‍ അതു വെറും 26,000 പേരും. പല കെയര്‍ ഹോമുകളും നിലനില്‍പ്പ് ഭീഷണിയിലാണ്. ഇംഗ്ലണ്ടിലാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തോളം ഒഴിവുകളാണ്. വിദേശ റിക്രൂട്ട്‌മെന്റ് നയം മൂലം കടുത്ത പ്രതിസന്ധിയാണ് കെയര്‍ ഹേുമുകളിലുള്ളത്.
വര്‍ഷം 25,000 പൗണ്ടിലധികം വരുമാനമുള്ള വിദേശ ജോലിക്കാര്‍ക്ക് മാത്രമേ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു ലേബറിന്റെ പുതിയ നിയമം.
നിയമ മാറ്റം ബ്രിട്ടന് പ്രതിസന്ധിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നതോടെ നിയമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. അതുകൊണ്ടു തന്നെ, കെയര്‍ഹോമുകളുടേയും എന്‍എച്ച്എസിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ വഴികള്‍ തേടിയേക്കും.