തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുകെ സര്‍വകലാശാലകള്‍ കനത്ത നഷ്ടത്തില്‍; വിദ്യാര്‍ത്ഥി വിസ നയത്തില്‍ ഇളവുണ്ടാകുമോ?
മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ കൈവിട്ടതോടെ യുകെയിലെ മിക്ക സര്‍വകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍വകലാശാലകളുടെ വരുമാനത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവ് നേരിട്ടതായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ആണ് അറിയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതാണ് വരുമാനം കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റിവെച്ച് പലരും ബഡ്ജറ്റ് കമ്മിയെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ പല യൂണിവേഴ്സിറ്റികളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സിന്റെ (OfS) വാര്‍ഷിക സാമ്പത്തിക പരിശോധന കണ്ടെത്തിയ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്. പിടിച്ചു നില്‍ക്കുന്നതിനായി പല സര്‍വകലാശാലകളും 400 മില്യണിലധികം വിലമതിക്കുന്ന ഭൂമിയും സ്വത്തുക്കളും വിറ്റഴിക്കാന്‍ പദ്ധതിയിടുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്.
വിദ്യാര്‍ത്ഥികളെ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതാണ് മിക്ക സര്‍വകലാശാലകളും നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനര്‍ത്ഥം ഈ മേഖലയിലെ സാമ്പത്തിക വെല്ലുവിളികള്‍ വീണ്ടും കൂടും എന്നാണെന്ന് ഒ എഫ് എസിന്റെ റെഗുലേഷന്‍ ഡയറക്ടര്‍ ഫിലിപ്പ് പിക്ക്ഫോര്‍ഡ് പറഞ്ഞു. ട്യൂഷന്‍ ഫീ കുറവുള്ള യു കെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള കമ്മി നികത്താന്‍ ആണ് സര്‍വകലാശാലകള്‍ പ്രധാനമായും അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആശ്രയിക്കുന്നത്.
എന്നാല്‍ സമീപകാലത്ത് ഏര്‍പ്പെടുത്തിയ കുടിയേറ്റ വിസ നയങ്ങള്‍ മൂലം അന്താരാഷ്ട്ര റിക്രൂട്ട്മെന്റില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. അടുത്തയിടെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ റീഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ കുടിയേറ്റ നയം കര്‍ശനമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇത് ഏറ്റവും ആദ്യം പെര്‍മനന്റ് വിസയ്ക്കായി അപേക്ഷിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ആണ് ബാധിക്കുന്നത്. അതുകൊണ്ടു സമീപ കാലത്തു മലയാളികള്‍ ക്യാനഡ, അയര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളേക്കു ചേക്കേറാനാണ് കൂടുതലായും ശ്രമിക്കുന്നത്.