യുകെയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍. രാജ്യത്തിന്റെ തൊഴില്‍ വിപണി മെല്ലെപ്പോക്കില്‍ തുടരുന്നുവെന്നാണ് ഇതോടെ സ്ഥിരീകരിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലാണ് തുടരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. മുന്‍ പാദത്തില്‍ നിന്നും 0.2 ശതമാനമാണ് വര്‍ദ്ധന, 2021 സമ്മറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍, നാഷണല്‍ ലിവിംഗ് വേജ് എന്നിവയിലെ വര്‍ദ്ധനവുകള്‍ക്കിടെയാണ് തൊഴില്‍ വിപണി ഊര്‍ദ്ധശ്വാസം വലിക്കുന്നത്. ഏപ്രില്‍ വരെയുള്ള പാദത്തില്‍ സമ്പദ് വ്യവസ്ഥയിലെ തൊഴില്‍ വേക്കന്‍സികളുടെ എണ്ണത്തില്‍ 5.3 ശതമാനം കുറവ് വന്നതായി ഒഎന്‍എസ് പറയുന്നു.
ഏപ്രില്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 761,000 തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 131,000 വേക്കന്‍സികളുടെ കുറവാണിത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
ശമ്പളവര്‍ദ്ധനയും ദുര്‍ബലപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് വരെ മൂന്ന് മാസങ്ങളില്‍ പതിവ് വരുമാനം 5.6 ശതമാനത്തിലാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ഇത് 5.6 ശതമാനത്തിലായിരുന്നു. ശമ്പളവര്‍ദ്ധന കാര്യമാകാത്തത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാനുള്ള ഭീതി കുറയ്ക്കും.