പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണില്‍ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുന്‍വാതിലില്‍ ഉണ്ടായ ചെറിയ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.
ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് തീപിടുത്തങ്ങളും സംശയാസ്പദമായി കണക്കാക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു എന്നാണ് പോലീസ് അറിയിച്ചത്. പ്രധാനമന്ത്രി നിലവില്‍ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് കെന്റിഷ് ടൗണിലെ വസതിയില്‍ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.