യുകെയില്‍ ദശലക്ഷക്കണക്കിന് പേര്‍ സാമ്പത്തിക ഞെരുക്കത്തില്‍; പത്തിലൊരാള്‍ ഒരു പൗണ്ട് പോലും സമ്പാദിക്കുന്നില്ലെന്ന്
യുകെയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സാമ്പത്തികമായി പുറകിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുതിര്‍ന്നവരുടെ കാര്യമെടുത്താല്‍ പത്തു പേരില്‍ ഒരാള്‍ സാമ്പത്തികമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്തവരാണ്. ഈ സാഹചര്യം പലരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേയില്‍ പറയുന്നു.
കടബാധ്യത പലരെയും ശാരീരിക ദുരിതത്തിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത ഉള്ളവരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കടുത്ത തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഫ്‌സിഎയുടെ ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു മാനദണ്ഡമാണ്. ഏകദേശം 18, 000 ആളുകളോട് അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് കാര്യങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത്.
യുകെയിലെ മുതിര്‍ന്ന ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 13 ദശലക്ഷം ആളുകള്‍ക്ക് സാമ്പത്തിക പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനുമപ്പുറം കടബാധ്യത ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ബില്‍ പേയ്മെന്റുകള്‍ മുടങ്ങാനുള്ള സാഹചര്യവും ഉണ്ട്. ആകെ 2.8 ദശലക്ഷം ആളുകള്‍ക്ക് സ്ഥിരമായ ക്രെഡിറ്റ് കാര്‍ഡ് കടമുണ്ട്. പലര്‍ക്കും കടുത്ത രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഡാറ്റ കാണിക്കുന്നതായി എഫ്‌സിഎയില്‍ നിന്നുള്ള സാറാ പ്രിച്ചാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.